
തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാലിന് വീണ്ടും പൊതുഭരണ വകുപ്പിന്റെ ചുമതല നൽകാനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനർനിയമനത്തിന്റെ സാഹചര്യം സർക്കാർ തന്നോട് വിശദീകരിച്ചെന്ന് ഗവർണർ പറഞ്ഞു.
കാര്യങ്ങൾ ശരിയായി നടക്കണമെന്ന സന്ദേശമാണ് നൽകാൻ ഉദ്ദേശിച്ചത്. തനിക്കാരോടും പ്രതികാര മനോഭാവം ഇല്ല. ആരോടും പരിഭവമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പയറ്റിയ സമ്മർദ്ദ തന്ത്രത്തിനൊടുവിലാണ് പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലിന്റെ സ്ഥാനം തെറിച്ചത്. ജ്യോതിലാലിനെ മാറ്റിയ ശേഷമായിരുന്നു ഗവർണർ അന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടത്.
ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും മാദ്ധ്യമ പ്രവർത്തകനുമായ ഹരി എസ്. കർത്തയെ നിയമിച്ചതിൽ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലാണ് സർക്കാരിന്റെ വിയോജിപ്പ് കത്തിലൂടെ അറിയിച്ചത്.
രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നവരെയോ, രാഷ്ട്രീയ പാർട്ടികളോടോ പാർട്ടി ബന്ധമുള്ള സംഘടനകളോടോ കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ് ഭവനിൽ നിയമിച്ചിട്ടില്ലെന്നു കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. തുടർന്നാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടേണ്ടെന്ന നിലപാട് ഗവർണർ എടുത്തത്.