
ബീജിംഗ്:അച്ഛനില്ലാതെ കുഞ്ഞിനെ ജനിപ്പിക്കാം എന്ന പുതിയ കണ്ടെത്തലുമായി ചൈനയിലെ ശാസ്ത്രജ്ഞർ. ഇതിന്റെ ആദ്യഘട്ട പരീക്ഷണമെന്നോണം പിതാവില്ലാതെ എലിക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിൽ വിജയിച്ചതായും ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.
പിതാവില്ലാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന പ്രക്രിയയാണ് പാർഥെനോജെനിസിസ്. ചില സസ്യങ്ങളിലും പക്ഷികളിലും മറ്റും ഇത് സ്വാഭാവികമായി നടക്കാറുണ്ട്. ആദ്യമായിട്ടാണ് പാർഥെനോജെനിസിസ് ഒരു പരീക്ഷണശാലയിൽ നടത്തുന്നത്. 'കന്യാ ജനനം' എന്നും ഇതിനെ പറയാറുണ്ട്.
ചൈനയിലെ ലബോറട്ടറിയിൽ നടത്തിയ പരീക്ഷണം നാഷണൽ അക്കാദമി ഒഫ് സയൻസിന്റെ പ്രൊസീഡിംഗ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. പക്ഷികൾ, പല്ലികൾ, പാമ്പുകൾ, മത്സ്യങ്ങൾ എന്നിവയിൽ സ്വാഭാവികമായി പാർഥെനോജെനിസിസ് അല്ലെങ്കിൽ കന്യാ ജനനങ്ങൾ നടക്കാറുണ്ട്. സസ്തനികളിലും ഇതേ രീതിയിൽ പിതാവില്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കാമെന്നാണ് ഷാങ്ഹോയ് ജിയാവോ തോങ് സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. ഭ്രൂണത്തിന് ഒരു വ്യക്തിയിൽ നിന്ന് മാത്രം ജനിതക വസ്തുക്കൾ ലഭിക്കുന്നതിനാലാണ് പാർഥെനോജെനിസിസ് സാദ്ധ്യമാകുന്നതെന്നും അവർ അറിയിച്ചു.
ഡി എൻ എ മെത്തിലേഷൻ എന്ന പ്രക്രിയയിലൂടെയാണ് സസ്തനികളിൽ പാർഥെനോജെനിസിസ് നടത്താൻ കഴിയുക എന്ന് ഗവേഷകനായ യാഞ്ചാങ് വെ പറഞ്ഞു. ഈ പരീക്ഷണം ഭാവിയിൽ കൃഷി, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.