cable-car-accident

റാഞ്ചി: ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികുട് മലയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. 40 മണിക്കൂറിലേറെ കേബിൾ കാറുകളിൽ കുടുങ്ങിക്കിടന്ന അൻപത് പേരെയും രക്ഷപ്പെടുത്തി. സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്‌ടറിൽ നിന്നും താഴെ വീണായിരുന്നു രണ്ട് പേർ മരിച്ചത്. ഏപ്രിൽ 10 ഞായർ വൈകിട്ടായിരുന്നു അപകടം നടന്നത്. ഇന്ത്യൻ വ്യോമസേന, സൈനികർ, ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസ്, എൻ ഡി ആർ എഫ് എന്നിവർ ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.

#WATCH | IAF recommenced rescue operations at Deoghar ropeway in Jharkhand, early this morning.

(Video source: IAF Twitter handle) pic.twitter.com/XstP7ESWAE

— ANI (@ANI) April 12, 2022

സംഭവത്തിൽ അന്വേഷണം നടത്താൻ ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. ഏപ്രിൽ 26ന് ഹിയറിംഗ് നടത്തും. സംഭവത്തിന് പിന്നാലെ റോപ്പ്‌വേ മാനേജരും മറ്റ് തൊഴിലാളികളും അപകടസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞിരുന്നു. താഴേക്ക് പോവുകയായിരുന്ന കേബിൾ കാറുകളിലൊന്ന് മുകളിലേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സാങ്കേതിക തകരാർ മൂലമാണ് കേബിൾ കാറുകൾ കൂട്ടിയിടിച്ചതെന്നും കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റോപ്‌വേയാണ് ത്രികുടിലേത്. ബാബ വൈദ്യനാഥ് ക്ഷേത്രത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള റോപ്‌വേയ്ക്ക് 766 മീറ്റർ നീളമാണുള്ളത്. 25 ക്യാബിനുകളാണ് റോപ്‌വേയിലുള്ളത്. ഓരോ ക്യാബിനിലും നാലു പേർക്ക് വീതം ഇരിക്കാനാകും.