osman-ali-khan

ഹൈദരാബാദ്: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആര് എന്ന ചോദ്യത്തിന് ഒരുപക്ഷെ അംബാനിയെന്നോ അദാനിയെന്നോ അല്ലെങ്കിൽ ടാറ്റയെന്നോ ആയിരിക്കാം നമ്മുടെ ഉത്തരം. എന്നാൽ ഇവരാരുമല്ല ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ. ഏകദേശം നാല് ദശകത്തോളം ഹൈദരാബാദ് നവാബ് (ഭരണാധികാരി) ആയിരുന്ന 'മിർ നിസാം ഒസ്മാൻ അലി ഖാൻ' ആയിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ.

1911 മുതൽ 1948 വരെയുള്ള 37 വർഷക്കാലമാണ് അദ്ദേഹം ഹൈദരാബാദ് ഭരിച്ചിരുന്നത്. നിസാം ഒസ്മാൻ അലി ഖാൻ തന്നെ ആയിരുന്നു ഹൈദരാബാദിന്റെ അവസാന ഭരണാധികാരിയും. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ മടിച്ചു നിന്ന ഹൈദരാബാദ് 1948ൽ ഇന്ത്യയുടെ ഭാഗമായി. ഇതോടെയാണ് ഇദ്ദേഹത്തിന് ഈ പദവി നഷ്ടമായത്.

osman-ali-khan-nehru

ഒസ്മാൻ അലി ഖാന്റെ ആസ്തി ഏകദേശം 17.47 ലക്ഷം കോടി രൂപ (230 ബില്യൺ ഡോളർ) ആയിരുന്നുവെന്നാണ് കണക്ക്. ഇപ്പോഴത്തെ ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്‌കിന്റെ ആസ്തിയോട് അടുത്ത് നിൽക്കുന്നതാണ് ഈ സംഖ്യ. നിലവിൽ മസ്‌കിന്റെ ആസ്തി 286 ബില്യൺ ഡോളറാണ്. 1967ൽ 80 ാം വയസിലാണ് ഒസ്മാൻ അലി ഖാൻ മരണമടഞ്ഞത്.

ഒസ്മാൻ അലി ഖാന് 50 ഓളം റോൾസ് റോയ്സ് കാറുകളും 100 മില്യൺ ഡോളറിലധികം വിലമതിക്കുന്ന സ്വർണ ശേഖരവും ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കൂടാതെ 95 മില്യൺ ഡോളർ വിലമതിക്കുന്ന പ്രശസ്തമായ ജേക്കബ് ഡയമണ്ട് ഉൾപ്പടെ 400 മില്യൺ ഡോളറിലധികം മൂല്യമുള്ള ആഭരണങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായിരുന്നു. 400 കോടിയിലധികം മൂല്യമുള്ള വിഖ്യാതമായ ഈ ജേക്കബ് ഡയമണ്ടിനെ പേപ്പർ വെയിറ്റായിട്ടാണ് അദ്ദേഹം ഉപയോഗിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്.

osman-ali-khan-jacob-diam

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്സ് മോട്ടോർ കാർസ് ലിമിറ്റഡ് തങ്ങളുടെ കാറുകൾ അദ്ദേഹത്തിന് വിൽക്കാൻ വിസമ്മതിച്ചപ്പോൾ, ഒസ്മാൻ അലി ഖാൻ നിരവധി സ്ഥലങ്ങളിൽ നിന്ന് പഴയ റോൾസ് റോയ്സ് കാറുകൾ വാങ്ങിക്കൂട്ടികയും അതൊരു മാലിന്യ ശേഖരമായി മാറ്റുകയും ചെയ്തു. ഇത് അക്കാലത്ത് കന്പനിയുടെ പ്രിച്ഛായ തകർത്തുവെന്ന് പറയപ്പെടുന്നു.

osman-ali-khan-rolls-royc

ഹൈദരാബാദ് ഹൈക്കോടതി, മുമ്പ് അസഫിയ ലൈബ്രറി എന്നറിയപ്പെട്ടിരുന്ന സെൻട്രൽ ലൈബ്രറി, അസംബ്ലി ഹാൾ, സ്റ്റേറ്റ് മ്യൂസിയം, നിസാമിയ ഒബ്സർവേറ്ററി എന്നിവയുൾപ്പടെ നിരവധി കെട്ടിട സമുച്ചയങ്ങൾ ഇദ്ദേഹത്തിന്റെ കാലത്താണ് ഹൈദരാബാദിൽ ഉയർന്നു പൊങ്ങിയത്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു ഒസ്മാൻ അലി ഖാൻ. വിദ്യാഭ്യാസത്തിനാണ് അദ്ദേഹം ഏറ്റവും പ്രാധാന്യം നൽകിയിരുന്നത്. അതിനാൽ തന്നെ എല്ലാ പൗരന്മാർക്കും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്തിരുന്നു.

osman-ali-khan-vallabhai-