
മുംബയ്: കണ്ടെയ്നറിൽ കൊണ്ടുപോവുകയായിരുന്ന 20 വൈദ്യുത സ്കൂട്ടറുകൾ തീ പിടിത്തത്തിൽ നശിച്ചു. നാസിക്കിലെ ഫാക്ടറിയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടമുണ്ടായത്. ജിതേന്ദ്ര ഇ വി എന്ന കമ്പനിയുടെ വാഹനങ്ങളാണ് കത്തി നശിച്ചത്.
ഈ മാസം ഒമ്പതിനാണ് സംഭവം നടന്നത്. കണ്ടെയ്നറിൽ നിന്നും വലിയ തോതിൽ പുക വന്നതോടെയാണ് വാഹനം നിറുത്തി പരിശോധിച്ചത്. മുകൾഭാഗത്ത് സൂക്ഷിച്ചിരുന്ന 20 സ്കൂട്ടറുകൾക്കാണ് തീ പിടിച്ചത്. അപകടത്തിൽ വാഹനങ്ങൾ പൂർണമായും നശിച്ചു.
ആകെ 40 സ്കൂട്ടറുകളാണുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. അഗ്നിസുരക്ഷാസേനയെത്തിയാണ് തീ അണച്ചത്. അതേസമയം, തീ പിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
അടുത്തിടെയായി ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിക്കുന്ന സാഹചര്യം ഏറി വരികയാണ്. സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടിട്ടുണ്ട്.