kseb-chairman

കെഎസ്ഇബിയിൽ വനിതാ ജീവനക്കാരെ ദുരുപയോഗം ചെയ‌്ത് യൂണിയൻ നേതാക്കൾ കാര്യം സാധിച്ചെടുക്കാറുണ്ടെന്ന ഗുരുതര ആരോപണവുമായി ചെയർമാൻ ബി അശോക്. കാലാകാലങ്ങളായി ബോർഡിൽ നടന്നുവരുന്ന സമ്മർദ്ദ തന്ത്രമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ചില വ്യക്തികളുടെ അനാവശ്യ ഈഗോ ബോർഡിന് ഒരുതടസമായി വന്നിട്ടുണ്ട്. അവർക്കൊരു തെറ്റിദ്ധാരണയുണ്ടായി, കുറേക്കാലം അസോസിയേഷൻ നടത്തിയപ്പോൾ അവരാണ് ബോർഡെന്ന്. ചെയർമാനും ഡയറക്‌ടേഴ്‌സുംഅവരുടെ സേവകരാണെന്ന് തോന്നൽ വന്നുവെന്നും ബി അശോക് പറയുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ

ഡോ ബി അശോകിന്റെ വാക്കുകൾ-

'ഇതു ബോർഡിൽ ആദ്യമായിട്ടല്ല ഈ പരിപാടി. സ്ത്രീകളെ ദുരുപയോഗം ചെയ‌്തുകൊണ്ട് സീനിയർ ഓഫീസേഴ്‌സിനെ ബ്ളാക്ക് മെയിൽ ചെയ്യുക. അവിടെ ചെയ്യുന്ന ഒരു തന്ത്രമാണത്. ഒരു ശക്തമായ മനുഷ്യൻ (പവർ ബ്രോക്കർ) ഏതെങ്കിലുമൊരു ജീവനക്കാരിയേയും കൊണ്ട് അൽപം ടഫ് ആയ ഓഫീസറുടെ ക്യാബിനിലേക്ക് വരും. ഈ കുട്ടിക്കൊരു പ്രശ്നമുണ്ട്, സാറൊന്ന് കേൾക്കണം. ഓഫീസർ ആത്മാർത്ഥതയോടെ അത് കേൾക്കാനിരിക്കുമ്പോൾ, പെട്ടെന്ന് അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് നേതാവ് പുറത്തേക്കിറങ്ങി മാറി നിൽക്കും. കുറച്ചുനേരം കഴിയുമ്പോൾ പരാതിക്കാരി പരിഭവം പറഞ്ഞ് കരഞ്ഞ് കാണിക്കും. ഇതൊക്കെ ഒരു അഡ്‌ജസ്‌റ്റ്മെന്റാണ്. അപ്പോഴേക്കും മറ്റേയാൾ തിരിച്ചുവരും. പിന്നീടൊരു നാടകമായിരിക്കും അവിടെ നടക്കുക. എന്താ ഈ കുട്ടി കരയുന്നേ? നിങ്ങൾ സ്ത്രീത്വത്തെ അപമാനിച്ചു. പരാതിക്കാരി ഇറങ്ങിപ്പോകുമ്പോൾ വേറെ നാലുപേർ അകത്തേക്ക് വന്ന് ഓഫീസറെ വളഞ്ഞുവയ‌്ക്കും. ഭീഷണിപ്പെടുത്തി കിട്ടാനുള്ള ആനുകൂല്യങ്ങൾ സമ്മർദ്ദത്തിലാക്കി നേടിയെടുക്കും. അടുത്തകാലത്ത് ഒരു മുതിർന്ന ഉദ്യോഗസ്ഥന് ഇതു സംഭവിച്ചു'.