ee

ശീതീകരിച്ച മുറിയുടെ ശൈത്യത്തിൽ

പാതിമയക്കത്തിലാണ്ടു കിടന്നയാൾ

മാലോരുണരുന്നതിന് മുമ്പ് ബാല്യത്തിൽ

കാലത്തെണീറ്റു വയൽ വരമ്പത്തേറി

ആലോലമാടിപ്പതിയെ നടന്നതും

നെല്ലോലത്തുമ്പിലെത്തൂ മഞ്ഞിൻ തുള്ളിയും

ബാലാർക്കശോഭയിൽ വൈഡൂര്യ മാല പോൽ

ആലോലമാടുന്ന മഞ്ഞുകണങ്ങളെ

ചാലെയിരു കയ്യാൽ കോരിയെടുത്തതും

നിലതെറ്റിപ്പാടത്തെച്ചേറിൽപ്പതിച്ചതും

തല പൊക്കിയാരാനും കണ്ടോന്നു നോക്കീട്ടു

പതിയെക്കരേറിയാത്തോട്ടിൽ കുളിച്ചതും

ഈർക്കിൽക്കുരുക്കിട്ടു കൂട്ടം ചിരിച്ചതും

കുന്താലമിട്ടു കുലുക്കീട്ടു ഞണ്ടിനെ

പൊന്തിൽ നിന്നും പുറം ചാടിച്ചതും

കൈതോലമേലെയിരുന്നുതലയാട്ടി

പൈതങ്ങൾ തൻ ചോരയൂറ്റുന്നൊരോന്തിനെ

ഒറ്റയെറിയ്‌ക്കന്നു തോട്ടിൽ പതിപ്പിച്ചു

ചുറ്റും വളഞ്ഞു നിന്നാർത്തു ചിരിച്ചതും

പിള്ളേരോടൊത്തു ചേർന്നാവഴിയോരത്തെ

വെള്ളരി മാങ്ങകൾ തല്ലിക്കൊഴിച്ചതും

തള്ളത്തടി ഭയന്നോ‌ടിയത്തോട്ടിലെ

വെള്ളത്തിൽ വീണു നനഞ്ഞു കുതിർന്നതും

ആകെ നനഞ്ഞൊട്ടി പുസ്‌തകക്കെട്ടുമായ്

മൂകനായ് വീടെത്തിത്തല്ലു മേടിച്ചതും

ആണ്ടു പോകുന്നൊരബോധ മനസേറി

വീണ്ടും മടക്കമില്ലാ യാത്ര പോകയായി.