amarnath-yathra

കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന അമർനാഥ് യാത്ര ഈ വർഷം പുനരാരംഭിച്ചു. 2022ലെ തീർത്ഥാടന യാത്രയുടെ വിശദാംശങ്ങൾ അറിയാം.

യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതും

ജൂൺ 30ന് ആരംഭിക്കുന്ന 43ദിവസത്തെ തീർത്ഥാടന യാത്ര രക്ഷാബന്ധൻ ദിനമായ ഓഗസ്ത് പതിനൊന്നിനാണ് സമാപിക്കുന്നത്.

രജിസ്ട്രേഷൻ

അമർനാഥ് ക്ഷേത്രത്തിലേയ്ക്കുള്ള തീ‌ർത്ഥാടനം ആരംഭിക്കുന്നതിന് ഏകദേശം ഒരു മാസം മുമ്പാണ് രജിസ്ട്രേഷൻ ആരംഭിക്കുന്നത്. ഈ വർഷത്തെ രജിസ്ട്രേഷൻ ഏപ്രിൽ പതിനൊന്നിനാണ് ആരംഭിച്ചത്.

രജിസ്ട്രേഷൻ ചെയ്യേണ്ടത്

ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. അമർനാഥ് യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തീർത്ഥാടക‌ർ http://www.shriamarnathjishrine.com/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുക.

1. ശ്രീ അമർനാഥ്ജി ദേവാലയ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് shriamarnathjishrine.com തുറക്കുക.

2. ഹോം പേജിൽ What's New എന്ന സെക്ഷന് താഴെ കാണുന്ന "Click here to register online" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

3. ഒരു പുതിയ പേജ് തുറന്നു വരും. (അമർനാഥ് യാത്രയ്ക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ലിങ്ക് കൂടിയാണിത് - https://jksasb.nic.in/)

4. ഇനി 2022 അമർനാഥ് യാത്രയ്ക്കായി രജിസ്റ്റ‌ർ ചെയ്യുക.

പ്രായപരിധി

കഠിനമായ യാത്രയായതിനാൽ 13 വയസിന് താഴെയുള്ള കുട്ടികളെയും 75 വയസിന് മുകളിൽ പ്രായമുള്ളവരെയും ഈ തീർത്ഥാടനം നടത്താൻ അനുവദിക്കില്ല. കൂടാതെ, ആറാഴ്ചയിൽ കൂടുതൽ ഗർഭിണികളായ സ്ത്രീകളെയും തീർത്ഥാടനത്തിന് അനുവദിക്കില്ല.

ആപ്പ് വഴി ബുക്കിംഗ്

ശ്രീ അമർനാഥ്ജി യാത്രാ മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്ത് അതിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്.