
കോഴിക്കോട്: മലബാറിലെ ക്ഷീര കർഷകർക്ക് 14.8 കോടി രൂപയുടെ വിഷുക്കൈനീട്ടവുമായി മിൽമ. 1,200 ക്ഷീര സംഘങ്ങളിലായി പാലളക്കുന്ന കർഷകർക്ക് മാർച്ച് മാസം നൽകിയ പാലിന് അധിക വിലയായി ഈ തുക നൽകുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.
കൊവിഡ് കാലത്ത് പാൽ വിപണിയിലുണ്ടായ മാന്ദ്യം കാരണം മിൽമ കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ മൂന്ന് കോടിയോളം ലിറ്റർ പാൽ നഷ്ടം സഹിച്ച് പാൽപ്പൊടിയാക്കേണ്ടി വന്നു. 50 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. എന്നാൽ പ്രതിസന്ധി ഘട്ടത്തിലും കർഷകരിൽനിന്ന് പാൽ സ്വീകരിച്ചു. പാലിന്റെ വില ഓരോ പത്ത് ദിവസം കൂടുമ്പോഴും കൃത്യമായി നൽകി. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇൻഷ്വറൻസ് സ്‌കീമുകൾ, സബ്‌സിഡികൾ, വെറ്ററിനറി സഹായം, തീറ്റ വസ്തുക്കളുടെ വിലക്കയറ്റം നേരിടാൻ ബദൽ സംവിധാനങ്ങൾ, ബി.എം.സി പ്രവർത്തനങ്ങൾ, അധിക പാൽവില നൽകൽ എന്നിവ മുടങ്ങാതെ തുടരുന്നു. വാർത്താ സമ്മേളനത്തിൽ മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ ഡോ.പി.മുരളി, ജനറൽ മാനേജർമാരായ കെ.സി.ജെയിസ്, എൻ.കെ.പ്രേംലാൽ, എം.ആർ.ഡി.എഫ് സി.ഇ.ഒ ജോർജ് കുട്ടി ജേക്കബ് എന്നിവർ പങ്കെടുത്തു.
ചക്കപ്പായസവും ബട്ടർ റസ്‌കും
പനീർ ബട്ടർ മസാലയും
വിപണിയിൽ മിൽമയുടെ സാന്നിദ്ധ്യം ശക്തമാക്കാൻ മൂന്ന് ഉത്പന്നങ്ങൾ കൂടി വരുന്നു. ചക്കപ്പായസം മിക്‌സ്, ബട്ടർ റസ്‌ക് , പനീർ ബട്ടർ മസാല എന്നിവയാണ് വിപണിയിലെത്തുന്നത്. ഇതിൽ ചക്കപ്പായസം മിക്‌സും ബട്ടർ റസ്‌കും ഇന്നലെ വിപണിയിലിറക്കി. പനീർ ബട്ടർ മസാല ട്രയൽ മാർക്കറ്റിംഗ് ആരംഭിച്ചു. മിൽമയുടെ സഹോദരസ്ഥാപനമായ മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷൻ (എം.ആർ.ഡി.എഫ്) വിപണിയിലിറക്കുന്നതാണ് ചക്കപ്പായസം മിക്‌സ്. കൂടുതൽ പോഷകമൂല്യത്തോടെ മിൽമ ബട്ടർ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ബട്ടർ റസ്‌ക്. മസാല ചേർത്ത് പാകം ചെയ്ത മിൽമ പനീർ പാക്കറ്റും മിൽക്ക് ക്രീം പാക്കറ്റും അടങ്ങിയതാണ് പനീർ ബട്ടർ മസാല.
1,200
കൈനീട്ടം ക്ഷീരസംഘങ്ങളിലെ കർഷകർക്ക്