
കൊച്ചി: നടി കാവ്യാമാധവനെ നാളെ ചോദ്യം ചെയ്തേക്കില്ല. കാവ്യാമാധവന്റെയും ദിലീപിന്റെയും വീടായ പത്മസരോവരത്തിൽ വച്ച് ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഡിജിപിയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
കാവ്യയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഓഡിയോ ടേപ്പുകൾ അടക്കമുള്ളവ കേൾപ്പിച്ചുകൊണ്ട് കാവ്യയിൽ നിന്നും വിശദീകരണം തേടേണ്ടതുണ്ട്. നാളെയാണ് കാവ്യയോട് പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്.
എന്നാൽ, സാക്ഷിയെന്ന നിലയിൽ തനിക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാമെന്നാണ് കാവ്യയുടെ നിലപാട്. ഈ വിഷയത്തിൽ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച നോട്ടീസ് നൽകിയിരുന്നുവെങ്കിലും കാവ്യയുടെ ആവശ്യപ്രകാരമാണ് ഇന്നത്തേക്ക് മാറ്റിയത്. അതേസമയം, ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയും നാളെ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.