
ഇസ്‌ലാമാബാദ്: ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനവും സ്ഥിരതയുമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾക്ക് മറുപടി നൽകുകയായിരുന്നു പാക് പ്രധാനമന്ത്രി. പാകിസ്ഥാന്റെ 23ാമത് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് കൊണ്ടുള്ള കുറിപ്പിലായിരുന്നു മോദിയുടെ പ്രസ്‌താവന.
ഇന്ത്യയും പാകിസ്ഥാനും സമാധാനം ഉറപ്പാക്കണമെന്നും ജനങ്ങളുടെ സാമൂഹിക- സാമ്പത്തിക വികസനത്തിൽ ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനത്തിന് നന്ദി. കാശ്മീർ വിഷയത്തിലുൾപ്പടെ സമാധാനപരമായ ഒത്തുതീർപ്പ് ആവശ്യമാണ്. തീവ്രവാദത്തിനെതിരെ പാകിസ്ഥാന്റെ പോരാട്ടങ്ങൾ ഏവർക്കും അറിയാവുന്നതാണെന്നും ഷഹബാസ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനവും സ്ഥിരതയുമുള്ള ഭീകരവിരുദ്ധമായ പ്രദേശം ഉണ്ടാകണം എന്നതാണ്. എങ്കിൽ മാത്രമേ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആളുകളുടെ അഭിവൃദ്ധിയും സൗഖ്യവും ഉറപ്പിക്കാനും കഴിയുകയുള്ളൂവെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) അദ്ധ്യക്ഷനുമായ ഷെഹബാസാണ് പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ച് ഇമ്രാനെ താഴെയിറക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മൂന്നുതവണ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്നു ഷെഹബാസ്.