
കഥകളുടെയും ചെറുകഥകളുടെയും അക്ഷയ ഖനിയാണ് മഹാഭാരതം. ജയപരാജയങ്ങളുടെ കഥ പറയുമ്പോഴും ജീവിതത്തിന്റെ അത്യന്തികമായ അർത്ഥമില്ലായ്‌മയും നിശൂന്യതയും മഹാഭാരതത്തിൽ മുഴച്ച് നിൽക്കുന്നു. ധർമ്മാധർമ്മങ്ങളുടെയും നൻമതിന്മകളുടെയും സമ്മിശ്രഭാവമാണ് ഇതിഹാസത്തിലെ ഓരോ കഥാപാത്രവും വിളംബരം ചെയ്യുന്നത്. ഓരോ കഥാപാത്രത്തിലും ഇവയുടെ ഏറ്റക്കുറച്ചിൽ കാണാൻ കഴിയുമെന്ന് മാത്രം. കൃഷ്‌ണനിലും യുധിഷ്ഠിരനിലുമെല്ലാം തിൻമയുടെ കരിനിഴൽ വീണ് കിടപ്പുള്ളതുപോലെ തന്നെ ദുഷ്ട കഥാപാത്രങ്ങളായ ദുര്യോധനൻ, കർണ്ണൻ, അശ്വത്ഥാമാവ് എന്നിവരിലെല്ലാം നൻമയുടെ നിറസാന്നിദ്ധ്യവും നമുക്ക് വായിച്ചെടുക്കാനാവും. ഇപ്പോഴാകട്ടെ എം. മോഹൻദാസിന്റെ 'അശ്വാത്ഥാമാവ്" എന്ന നോവൽ പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചിരിക്കുന്നു.
കലഹങ്ങളിൽ നേരിട്ട് പങ്കാളിയാവാതെ ദൂരെ മാറിനിന്ന് വീക്ഷിക്കുന്ന രീതിയാണ് ചെറുപ്പത്തിൽ അശ്വത്ഥാമാവ് അനുവർത്തിക്കുന്നത്. കണ്ണീരും അവഗണനയും നിറഞ്ഞ കയ്‌പ്പേറിയ ജീവിതമാണ് അയാൾ ജീവിച്ചു തീർത്തത്. ഈ കഥാപാത്രത്തിന്റെ ആത്മ സംഘർഷങ്ങളും ഹൃദയ വിസ്‌ഫോടനങ്ങളും അതിന്റെ ശക്തി ചോരാതെ ആവിഷ്‌കരിക്കാൻ മോഹൻദാസിന്റെ വ്യതിരിക്തമായ തൂലികക്ക് കഴിഞ്ഞിട്ടുണ്ട്. അശ്വത്ഥമാവ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ചില സൂക്ഷ്‌മ സന്ദർഭങ്ങളെ അതിന്റെ വൈകാരികത ഒട്ടും ചോർന്ന് പോവാതെ ചിത്രീകരിച്ചിരിക്കുന്നത് നല്ല വായന അനുഭവമാണ് സമ്മാനിക്കുന്നത്.
അശ്വത്ഥാമാവിന്റെ ഏകാന്തതയും തകർച്ചയും വൈരാഗ്യവും യജമാന വിധേയത്വവും ജീവിത വൈചിത്ര്യവുമെല്ലാം ഹ്യദയസ്‌പൃക്കായി ഈ നോവലിൽ വരച്ച് കാട്ടുന്നതിൽ ഗ്രന്ഥകാരൻ പൂർണമായും വിജയിച്ചിരിക്കുന്നു.അതിന് ഉപയോഗിക്കുന്ന ഗദ്യശൈലിയാകട്ടെ കാവ്യത്മകത നിറഞ്ഞതുമാണ്. യുദ്ധത്തിന്റെ 18-ാം നാൾ രാത്രിയിൽ സേനാ ശിബിരത്തിൽ നടത്തിയ വംശഹത്യയിൽ നൂറ് കണക്കിന് പാണ്ഡവപക്ഷ പോരാളികൾ വധിക്കപ്പെടുന്നത് മഹാഭാരതത്തിലെ ഏറ്റവും കറുത്ത അധ്യായമാണ്. വംശഹത്യ നടത്തിയ മൂവരിൽ കൃതവർമ്മൻ കൃഷ്‌ണന്റെ ഉറ്റബന്ധുവായി ദ്വാരകയിലും, കൃപർ പാണ്ഡവരുടെ ഉപചാര ആദരവുകൾ ഏറ്റ് വാങ്ങി ഹസ്‌തിനാപുരി രാജധാനിയിലും പിൽക്കാലത്ത് കഴിയുമ്പോഴും വംശഹത്യയുടെ മുഴുവൻ ശിക്ഷയും അനുഭവിക്കാൻ വിധിക്കപ്പെടുന്നത് അശ്വത്ഥാമാവിനു മാത്രമാണ്. കൊടും ക്രൂരതയ്‌ക്കുള്ള ശിക്ഷ ഏകാന്ത വാസമാണെന്ന് ഇതിഹാസം പറയുന്നു.
മുപ്പത് അദ്ധ്യായങ്ങളിലായി മുന്നൂറോളം പേജുകളിലായിട്ടാണ് ഗ്രന്ഥകർത്താവ് നോവൽ രചന പൂർത്തിയാക്കിയിട്ടുള്ളത്. ജനമേജയ ചക്രവർത്തിയുടെ സർപ്പ സത്ര കാലയളവിൽ കഥാപാത്രം ഗതകാല സ്‌മരണകൾ അയവിറക്കുന്ന നിലയിലാണ് ഗ്രന്ഥകാരൻ നോവൽ രചന നടത്തിയിരിക്കുന്നത്. അശ്വത്ഥാമാവിന്റെ മനസിൽ ഓർമ്മകളുടെ നെരിപ്പോട് എരിയുന്നത് നോവലിൽ വായിച്ചെടുക്കാൻ കഴിയും. പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്റെ വില ₹360