
കൊച്ചി: ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ നില മെച്ചപ്പെട്ടതായി വിവരം. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിലാണ് നടന്റെ ആരോഗ്യനിലയിൽ പുരോഗതിയുളളതായി അറിയിച്ചത്. വെന്റിലേറ്റർ സഹായം നീക്കിയതായും കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചതായും മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മാർച്ച് 30ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രീനിവാസന് ട്രിപ്പിൾ വെസൽ ഡിസീസ് (ധമനികളിൽ രക്തമൊഴുകുന്നത് തടസമുണ്ടാകുന്ന അവസ്ഥ) കണ്ടെത്തി.മാർച്ച് 31ന് ബൈപാസ് സർജറി ചെയ്‌തു. തുടർന്ന് മൂന്ന് ദിവസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം അദ്ദേഹത്തിന് വെന്റിലേറ്റർ മാറ്റി. എന്നാൽ വീണ്ടും അണുബാധയുണ്ടായതോടെ വെന്റിലേറ്ററിലാക്കുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത അറിഞ്ഞുടൻ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് നിരവധി പേർ ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നു.എന്നാൽ ഇതിനോട് അദ്ദേഹം സരസമായാണ് പ്രതികരിച്ചത്. ആശുപത്രിയിൽ വച്ച് ശ്രീനിവാസനോട് ആദരാഞ്ജലി പോസ്റ്റുകളുടെ കാര്യം പറഞ്ഞ നിർമ്മാതാവ് മനോജ് രാംസിംഗിനോട് മറുപടിയായി 'ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം' എന്നാണ് ശ്രീനിവാസൻ മറുപടി പറഞ്ഞത്.