
കൊച്ചി: മാദ്ധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീഭർത്താവ് സുരാജ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അടച്ചിട്ട മുറിയിൽ നടക്കുന്ന വിചാരണ നടപടികൾ പോലും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ടാണ് സുരാജ് കോടതിയെ സമീപിച്ചത്. മാദ്ധ്യമവിചാരണയാണ് ഈ കേസിൽ നടക്കുന്നതെന്നും അഭിഭാഷകരോടും ബന്ധുക്കളോടും സംസാരിക്കുന്നത് വരെ വാർത്തയാകുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ നാളെ ചോദ്യം ചെയ്തേക്കില്ല. കാവ്യാമാധവന്റെയും ദിലീപിന്റെയും വീടായ പത്മസരോവരത്തിൽ വച്ച് ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഡിജിപിയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
കാവ്യയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഓഡിയോ ടേപ്പുകൾ അടക്കമുള്ളവ കേൾപ്പിച്ചുകൊണ്ട് കാവ്യയിൽ നിന്നും വിശദീകരണം തേടേണ്ടതുണ്ട്. എന്നാൽ, സാക്ഷിയെന്ന നിലയിൽ തനിക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാമെന്നാണ് കാവ്യയുടെ നിലപാട്. ഈ വിഷയത്തിൽ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.
കേസിൽ തുടരന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർന്നെന്ന പ്രതിഭാഗത്തിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് എ ഡി ജി പിയോട് വിചാരണക്കോടതി വിശദീകരണം തേടി. ഈ മാസം 18ന് റിപ്പോർട്ട് നൽകണമെന്ന് നിർദേശം.