britain

ലണ്ടൻ : ലോക്ക്ഡൗൺ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഭാര്യ കാരി ജോൺസൺ, ധനകാര്യ മന്ത്രി റിഷി സുനാക് എന്നിർക്കെതിരെ പിഴ ചുമത്തി ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ്. മൂവർക്കും നിശ്ചിത പിഴ ഈടാക്കാൻ തീരുമാനിച്ചതിന്റെ നോട്ടീസ് നൽകിയെന്ന് പൊലീസ് അറിയിച്ചു.

2020 - 2021 കാലയളവിൽ യു.കെയിൽ ലോക്ക്ഡൗൺ കാലയളവിൽ പ്രോട്ടോക്കോൾ ലംഘിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ഡൗണിംഗ് സ്ട്രീറ്റിൽ സർക്കാർ ഉദ്യോഗസ്ഥർ പാർട്ടികൾ നടത്തിയതിന്റെ പേരിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നീക്കം. ബോറിസ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടിയിൽ പങ്കെടുത്തെന്ന് കണ്ടെത്തിയിരുന്നു. അതേ സമയം, എപ്പോൾ നടന്ന പാർട്ടിയിൽ പങ്കെടുത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. 2020 ജൂണിൽ ബോറിസിന്റെ ജന്മദിന പാർട്ടിയിൽ മൂവരും പങ്കെടുത്തിരുന്നു.

പാർലമെന്റിൽ ബോറിസ് ക്ഷമാപണവും നടത്തിയിരുന്നു. ലോക്ക്ഡൗൺ ലംഘനങ്ങളെ പറ്റി അന്വേഷിക്കാൻ മുതിർന്ന സിവിൽ ഉദ്യോഗസ്ഥ സ്യൂ ഗ്രേയെ ബോറിസ് ചുമതലപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണം പൂർത്തിയായ ശേഷം സ്യൂ ഗ്രേ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടും.