mt15

ന്യൂഡൽഹി: എംടി - 15ന്റെ പുതുക്കിയ പതിപ്പായ എം ടി - 15 വിടി 2.0യുമായി യമഹ ഇന്ത്യൻ വിപണിയിൽ എത്തി. എംടിയുടെ പുത്തൻ പതിപ്പിന് 1.6 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. പുത്തൻ കളർ ഓപ്ഷനുകളുമായി എത്തുന്ന എംടിക്ക് പഴയ പതിപ്പിൽ നിന്ന് ചില ഹാർഡ്‌വെയർ മാറ്റങ്ങളും നടത്തിയിട്ടുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചു. നാല് കളർ ഓപ്ഷനുകളിലായാണ് എംടി എത്തുന്നത്. സിയാൻ സ്റ്റോം, റേസിംഗ് ബ്ളൂ, ഐസ് ഫ്ളൂവർമില്ല്യൺ, മെറ്റാലിക് ബ്ളാക് എന്നീ നിറങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്, അതിൽ സിയാൻ സ്റ്റോ, റേസിംഗ് ബ്ലൂ എന്നീ നിറങ്ങൾ പുതിയവയാണ്.

ഡിസൈനിൽ പഴയ എംടിയിൽ നിന്ന് വലിയ മാറ്റങ്ങളൊന്നും പുതിയ മോഡലിൽ നിർമാതാക്കൾ വരുത്തിയിട്ടില്ല. എൽഇഡി ഡിആർഎല്ലുകളോട് കൂടിയ സിംഗിൾപോഡ് പ്രൊജക്ടർ എൽഇഡി ഹെഡ്ലാമ്പ്, ഉയർത്തിയ ടെയിൽസെക്ഷൻ, അഗ്രസീവ് ഫ്യൂവൽ ടാങ്ക്, സൈഡ്സ്ലംഗ് എക്സ്‌ഹോസ്റ്റ് മഫ്ലർ എന്നിവയെല്ലാം പഴയ മോഡലിലേത് പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്.

കഴിഞ്ഞ പതിപ്പിൽ നിരവധി പരാതികൾക്ക് കാരണമായ പഴയ സ്വിഗ്ആം മാറ്റാൻ യമഹ തയ്യാറായിട്ടുണ്ട് എന്നതാണ് പുത്തൻ പതിപ്പിലെ ഏറ്റവും വലിയ മാറ്റം. പകരം എത്തുന്നത് ആർ 15 വി4ൽ ഘടിപ്പിച്ചിട്ടുള്ള അതേ 37 എംഎം ഫ്രണ്ട്ഫോർക്കാണ്.

താഴെ ഭാരം കുറഞ്ഞും മുകളിൽ ഉയർന്ന കാഠിന്യംലഭിക്കുന്നതിന് ഷാസിയിലേക്ക് ബോൾട്ട് ചെയ്ത പുറം ട്യൂബുകളോടൊപ്പമാണ് ഇവ എത്തുന്നത്. മോട്ടോജിപി ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന അലുമിനിയം സ്വിംഗ് ആമും ഇതിന്റെ പ്രത്യേകതയാണ്. വെറും 139 കിലോഗ്രാം മാത്രമാണ് ഇതിന്റെ ഭാരം.

എൻജിന്റെയോ പെർഫോനൻസിന്റെയോ കാര്യത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. പഴയ 155 സി സി എഫ് ഐ എൻജിൻ തന്നെയാണ് യമഹ ഇതിലും ഉപയോഗിച്ചിട്ടുള്ളത്. വേരിയബിൾ വാൽവ് ആക്‌ച്വേഷൻ സംവിധാനമുള്ള ലിക്വിഡ്കൂൾഡ്, 4സ്‌ട്രോക്ക് എൻജിന് 10,000 ആർപിഎമ്മിൽ 18.4 പിഎസ് കരുത്തും 7,500 ആർപിഎമ്മിൽ 14.1 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. എന്നാൽ ഇത്രയേറെ കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വാഹനത്തിന് ഇപ്പോഴും ഡ്യുവൽ ചാനൽ എ ബി എസ് നൽകാൻ യമഹ തയ്യാറായിട്ടില്ലെന്നത് ഒരു ന്യൂനതയാണ്.