
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈൽ 'ഹെലിന'യുടെ രണ്ടാമത്തെ പരീക്ഷണവും വിജയം. അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്ററായ ധ്രുവിൽ നിന്നാണ് തിങ്കളാഴ്ച മിസൈൽ വിജയകരമായി പരീക്ഷിച്ചത്. രാജസ്ഥാനിലെ പൊഖ്രാൻ ഫയറിങ് റേഞ്ചിൽ നടന്ന ആദ്യ പരീക്ഷണത്തിന്റെ തുടർച്ചയാണിത്. പ്രയോഗക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലഡാക്കിലായിരുന്നു ഇത്തവണ പരീക്ഷണം. ഡി.ആർ.ഡി.ഒ യിലെ ശാസ്ത്രജ്ഞരും കരവ്യോമ സേനാ സംഘങ്ങളും സംയുക്തമായാണ് വിക്ഷേപണം നടത്തിയത്. മിസൈൽ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ സൈന്യം പുറത്തു വിട്ടു. കൃത്രിമമായി സൃഷ്ടിച്ച യുദ്ധ ടാങ്കിനെ ലക്ഷ്യമാക്കി മിസൈൽ വിജയകരമായി വിക്ഷേപിച്ചു. ലോക്ക് ഓൺ ബിഫോർ ലോഞ്ച് മോഡിൽ പ്രവർത്തിക്കുന്ന ഇൻഫ്രാറെഡ് ഇമേജിംഗ് സീക്കർ ആണ് മിസൈലിനെ നയിക്കുന്നത്.ഏഴു കിലോമീറ്റർ ചുറ്റളവിൽ വരെ പ്രഹരമേൽപ്പിക്കാൻ ഈ മിസൈലിന് കഴിവുണ്ട്.
ചരിത്ര നേട്ടം കൈവരിച്ചതിന് പിന്നിൽ പ്രവർത്തിച്ച ഡി.ആർ.ഡി.ഒയെയും സൈന്യത്തെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.