
മുംബയ്: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് അടിച്ചുകൂട്ടിയത് 17 സിക്സറുകൾ. ഈ പതിനേഴ് സിക്സറുകളും അടിച്ചത് രണ്ട് പേർ മാത്രമാണെന്നതാണ് അതിലും രസകരം. റോബിൻ ഉത്തപ്പയും ശിവം ദുബേയും ചേർന്നാണ് ഇത്രയും സിക്സറുകൾ ആർ സി ബിക്കെതിരെ നേടിയത്. 50 പന്തിൽ 88 റൺസെടുത്ത ഉത്തപ്പ ഒൻപത് സിക്സറുകൾ നേടിയപ്പോൾ 46 പന്തിൽ 95 റൺസെടുത്ത ദുബെ എട്ട് സിക്സറുകൾ പായിച്ചു.
ഇരുവരുടെയും ബാറ്റിംഗ് കരുത്തിൽ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്ത ചെന്നൈ സൂപ്പർ കിംഗ്സ് 23 റൺസിന് ആർ സി ബിയെ പരാജയപ്പെടുത്തി. മറുപടി ബാറ്റിംഗിൽ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എടുക്കാനെ ബാംഗ്ളൂരിന് സാധിച്ചുള്ളൂ. നിലവിലെ ഐ പി എൽ ചാമ്പ്യന്മാരായ ചെന്നൈയുടെ ഈ സീസണിലെ ആദ്യ വിജയമാണിത്. ആദ്യത്തെ നാല് മത്സരങ്ങളിൽ പരാജയപ്പെട്ടതിന് ശേഷമാണ് ചെന്നൈ തങ്ങളുടെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കുന്നത്.
Watch @IamShivamDube's powerful 91-metre six!
— IndianPremierLeague (@IPL) April 12, 2022
📽️📽️https://t.co/CPUO4WacsY #TATAIPL #CSKvRCB
ചെന്നൈ താരങ്ങൾ ആർ സി ബിക്കെതിരെ 17 സിക്സറുകൾ പായിച്ചെങ്കിലും ഈ സീസണിലെ കണക്ക് വച്ച് നോക്കുമ്പോൾ ആർ സി ബിക്ക് ഇത് പുത്തരിയല്ലെന്ന് മനസിലാകും. ഇതുവരെ 56 സിക്സറുകളാണ് ആർ സി ബി വഴങ്ങിയത്. ഇതിൽ 14 എണ്ണം പഞ്ചാബ് കിംഗ്സും, 11 എണ്ണം രാജസ്ഥാൻ റോയൽസും ഏഴ് എണ്ണം വീതം മുംബയും കൊൽക്കത്തയും ആണ് അടിച്ചത്.
ഈ സീസണിൽ സിക്സറുകൾ വഴങ്ങുന്നതിൽ ആർ സി ബി പിശുക്ക് കാട്ടിയില്ലെങ്കിലും ഐ പി എൽ ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ടീം എന്ന റെക്കാഡ് ഇപ്പോഴും ആർ സി ബിയുടെ പേരിൽ തന്നെയാണുള്ളത്. 2013ലെ സീസണിൽ പൂനെ വാരിയേഴ്സിനെതിരെ 21 സിക്സറുകളാണ് ആർ സി ബി അടിച്ചത്.