
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്‌തേക്കില്ല. വീട്ടിലെത്തി മൊഴിയെടുക്കണോ, സിആർപിസി 41 പ്രകാരം നോട്ടീസ് നൽകി വിളിച്ചുവരുത്തണോയെന്ന കാര്യം ഇന്ന് രാവിലത്തെ യോഗത്തിൽ അന്വേഷണ സംഘം തീരുമാനിക്കും.
ഇന്നലെ രാത്രി അന്വേഷണ ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. എന്നാൽ ചോദ്യം ചെയ്യേണ്ട സ്ഥലം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയില്ല. സംവിധായകൻ ബാലചന്ദ്രകുമാറിനോട് മൊഴി നൽകാൻ ഇന്ന് എത്തേണ്ടെന്ന് അറിയിച്ചു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം.
ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രി ആലുവയിലെ വീട്ടിലെത്തി. കേസിൽ എട്ടാം പ്രതി ദിലീപിനും ഭാര്യ കാവ്യയ്ക്കും തുല്യപങ്കുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. നിഗൂഢമായ പല ചോദ്യങ്ങൾക്കും കാവ്യയെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
അതേസമയം ദിലീപിന്റെ സഹോദരൻ അനൂപിന്റെയും സഹോദരീ ഭർത്താവ് ടി എൻ സുരാജിന്റെയും വീട്ടിൽ അന്വേഷണ സംഘം നോട്ടീസ് പതിച്ചു. രാവിലെ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതോടെയാണ് വീടുകളിൽ നോട്ടീസ് പതിച്ചത്. എന്നാൽ ഇരുവരും സ്ഥലത്തില്ലെന്നും ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും അഭിഭാഷകർ അന്വേഷണ സംഘത്തെ അറിയിച്ചു.