
പാലക്കാട്: എലപ്പുള്ളിയിൽ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാതാവിനെതിരെ വെളിപ്പെടുത്തലുമായി സഹോദരി. ആസിയയ്ക്ക് വേറെയൊരു യുവാവുമായി ബന്ധമുള്ള കാര്യം അടുത്തിടെയാണ് അറിഞ്ഞതെന്ന് സഹോദരി പറഞ്ഞു.
'അയാളുടെയടുത്ത് ഇവൾ കല്യാണം കഴിഞ്ഞ കാര്യമോ, കുട്ടിയുള്ള കാര്യമോ പറഞ്ഞിട്ടില്ല. ആ കുട്ടി സഹോദരിയുടെതാണെന്നാണ് അയാളോട് ആസിയ പറഞ്ഞത്. അവളുടെ കോളേജിലൊന്നും കല്യാണം കഴിഞ്ഞ വിവരം അറിയില്ല.
രാവിലെ കുട്ടി എഴുന്നേൽക്കാതായതോടെ എന്റെ മോളാണ് നിലവിളിച്ചുകൊണ്ട് എടുത്തുകൊണ്ടുവന്നത്. പകുതി കണ്ണടച്ച നിലയിലായിരുന്നു. വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല. ഈ സമയം ആസിയ മീൻ വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു.'- സഹോദരി പറഞ്ഞു.
അതേസമയം കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛൻ ഇബ്രാഹിം ആരോപിച്ചു. 'കൊലപാതകം നടക്കുമ്പോൾ ആസിയയുടെ സഹോദരിയും ഭർത്താവും വീട്ടിലുണ്ടായിരുന്നു. അവരറിയാതെ കൃത്യം നടത്താൻ ആസിയയ്ക്ക് കഴിയില്ല. നീതിയാണ് ഞങ്ങൾക്ക് വേണ്ടത്. സമഗ്രാന്വേഷണം വേണം.'- ഇബ്രാഹിം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ആസിയയുടെ ഭർത്താവിന്റെ പിതാവാണ് ഇബ്രാഹിം.