mohanlal

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് ഉൾപ്പടെ സജീവമായി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ജീവകാരുണ്യ പ്രസ്ഥാനമാണ് നടൻ മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍. കൊവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് കെെത്താങ്ങായും ഇവരുണ്ടായിരുന്നു.

ഇപ്പോഴിതാ 'വിന്റേജ്' എന്ന പുതിയ പദ്ധതിയുമായി എത്തിയിരിയ്ക്കുകയാണ് മോഹൻലാൽ. ഓരോ വർഷവും ആറാം ക്ലാസിൽ പഠിക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നൽകി ഉയർത്തിക്കൊണ്ട് വരികയാണ് പദ്ധതിയുടെ ലക്ഷ്യം.

vintage

പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഓരോ കുട്ടികളുടെയും അഭിരുചിയ്ക്കനുസരിച്ച് അവരെ വളർത്തിക്കൊണ്ട് വരും. അട്ടപ്പാടിയിൽ നിന്നാണ് വിന്റേജ് പ‌ദ്ധതി തുടക്കം കുറിക്കുന്നത്.

അടുത്ത 15 വർഷം കരുതലോടെ ഇവർക്കൊപ്പമുണ്ടാകുമെന്ന് മോഹൻലാൽ പറഞ്ഞു. രക്ഷകർത്താവായും ഗുരുവായും വഴികാട്ടിയായും മുഖ്യധാരയിലേയ്ക്ക് കുട്ടികളെ കെെപിടിച്ച് ഉയർത്തും. എല്ലാ വർഷവും സമർത്ഥരായ കുട്ടികളെ കണ്ടെത്തി അവരുടെ ഭാവിയ്ക്ക് വെളിച്ചമേകുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.