suresh-gopi

തൃശ്ശൂർ: ക്ഷേത്രദർശനം നടത്തുന്ന ഭക്തർക്ക് കൈനീട്ടം നൽകാനായി സുരേഷ് ഗോപി എം പി മേൽശാന്തിമാർക്ക് പണം കൊടുത്തത് വിവാദമാകുന്നു. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലാണ് സുരേഷ് ഗോപി 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകൾ നൽകിയത്. ഇത്തരത്തിൽ മേൽശാന്തിമാർ തുക സ്വീകരിക്കുന്നത് കൊച്ചിൻ ദേവസ്വംബോർഡ് വിലക്കി. ഈ തുകയിൽ നിന്നും ഒരാൾക്കും കൈനീട്ടം നൽകിയിട്ടില്ലെന്നാണ് ബോർഡ് പറയുന്നത്. എന്നാൽ കൈനീട്ടം കിട്ടിയതായി പലരും പറയുന്നുണ്ട്.


സംഭവം രാഷ്ട്രീയ വിഷയമായി മാറുകയാണ്. വിഷുക്കൈനീട്ടത്തെ മറയാക്കി രാഷ്ട്രീയം കളിക്കുകയാണെന്ന് സി.പി.ഐ എം.എൽ.എ പി ബാലചന്ദ്രൻ വിമർശിച്ചു. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ടു പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുകയാണെന്നും ഇത് തിരിച്ചറിയാനുള്ള കഴിവ് ജനങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വടക്കുംനാഥ ക്ഷേത്രത്തിന് പുറമേ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടത്തിനായി പണം നൽകിയിരുന്നു. പക്ഷേ ഈ ക്ഷേത്രങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതല്ല.

കൈനീട്ടനിധി മേൽശാന്തിമാരെ ഏൽപ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് സമമാണെന്നാണ് ബോർഡിന്റെ നിലപാട്. സുരേഷ് ഗോപിയുടെ പേര് പരാമർശിക്കാതെയാണ് ബോർഡ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ചില വ്യക്തികളിൽ നിന്ന് സംഖ്യ ശേഖരിക്കുന്നതിൽ നിന്ന് മേൽശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണ് പത്രക്കുറിപ്പിൽ പറയുന്നത്.

വടക്കുംനാഥ ക്ഷേത്രത്തിന് പുറമേ മറ്റ് ക്ഷേത്രങ്ങളിലും സുരേഷ് ഗോപി കൈനീട്ടത്തിനുള്ള പണം നൽകാൻ സാദ്ധ്യതയുള്ളതിനാലാണ് ബോർഡിന്റെ വിലക്ക്. പ്രശ്നം ഗൗരവമായാണ് കാണുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച മുതൽ ജനങ്ങൾക്ക് വിഷുക്കൈനീട്ടം സമ്മാനിക്കുന്ന പരിപാടിയുമായി സുരേഷ്‌ഗോപി ജില്ലയിലുണ്ട്. താൻ നൽകുന്ന പണത്തിൽ നിന്നും കൈനീട്ടം കൊടുക്കുന്നതിൽ നിന്ന് കുട്ടികളെ ഒഴിവാക്കരുതെന്നും അദ്ദേഹം മേൽശാന്തിമാരോട് അഭ്യർത്ഥിച്ചിരുന്നു. റിസർവ് ബാങ്കിൽ നിന്നും വാങ്ങിയ ഒരു ലക്ഷം രൂപയുടെ പുത്തൻ ഒരു രൂപ നോട്ടുകളാണ് കൈനീട്ടത്തിനായി അദ്ദേഹം ക്ഷേത്രങ്ങളിൽ നൽകിയത്.