
ചെന്നൈ: 'ശ്രീനിവാസ കല്യാണത്തിന്' തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഔദ്യോഗികമായി ക്ഷണിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റ് ബോർഡ് ചെയർമാൻ വൈ വി സുബ്ബ റെഡ്ഡി. ഈ മാസം പതിനാറിന് ചെന്നൈയിൽവച്ചാണ് പരിപാടി നടക്കുന്നത്.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിക്കുന്ന ആദ്യ മതസൗഹാർദ ചടങ്ങായതിനാൽ ടി ടി ഡി വിപുലമായ രീതിയിലാണ് ആഘോഷിക്കുന്നത്. ശ്രീ വെങ്കിടേശ്വര ഭഗവാനും (ശ്രീനിവാസൻ എന്നും അറിയപ്പെടുന്നു) പത്മാവതി ദേവിയുമായുള്ള വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങുകളാണെന്നാണ് ഐതിഹ്യം. പരിപാടിയിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുബ്ബ റെഡ്ഡി പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചിരിക്കുകയാണ്. അതിനാൽ ചടങ്ങിന് കൂടുതൽ പേരെത്തും. പരിപാടി നടക്കുന്ന ഐലൻഡ് ഗ്രൗണ്ടിൽ ആയിരക്കണക്കിന് ഭക്തർക്ക് സുരക്ഷിതവും സുഖപ്രദവുമായ ദർശനം ഉറപ്പാക്കാൻ ടിടിഡി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈയിലെ പ്രാദേശിക ഉപദേശക സമിതി പ്രസിഡന്റ് ജെ.ശേഖർ റെഡ്ഡിയുടെ മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.
ശ്രീനിവാസ കല്യാണം
ഐതിഹ്യ പ്രകാരം ശ്രീ വെങ്കിടേശ്വര ഭഗവാനും (ശ്രീനിവാസൻ എന്നും അറിയപ്പെടുന്നു) പത്മാവതി ദേവിയുമായുള്ള വിവാഹത്തിന് മുന്നോടിയായിട്ടുള്ള കൗതുകകരമായ നിരവധി കാര്യങ്ങൾ ഉണ്ട്. കശ്യപന്റെ നേതൃത്വത്തിലുള്ള ഋഷിമാർ ഗംഗാതീരത്ത് യാഗം നടത്താൻ തുടങ്ങി. നാരദ മഹർഷി അവരെ സന്ദർശിച്ച് എന്തിനാണ് യാഗം നടത്തുന്നതെന്നും, ഇതുകൊണ്ട് ആരെയാണ് പ്രീതിപ്പെടുത്തുന്നതെന്നും ചോദിച്ചു. ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ, ഋഷിമാർ ഭൃഗു മഹർഷിയെ സമീപിച്ചു.
കാലിൽ ഒരു കണ്ണുണ്ടായിരുന്ന ഭൃഗു ആദ്യം പോയത് ബ്രഹ്മാവിന്റെ സത്യലോകത്തേക്കാണ്. അവിടെ നാരായണനെ സ്തുതിച്ചുകൊണ്ട് നാല് വേദങ്ങൾ പാരായണം ചെയ്യുന്ന ബ്രഹ്മദേവനെയാണ് കണ്ടത്. ഇതിനിടയിൽ ഭൃഗു പ്രണാമം അർപ്പിക്കുന്നത് ബ്രഹ്മാവ് ശ്രദ്ധിച്ചില്ല. ബ്രഹ്മാവ് ആരാധനയ്ക്ക് യോഗ്യനല്ലെന്ന നിഗമനത്തിൽ ഭൃഗു സത്യലോകം ഉപേക്ഷിച്ച് ശിവന്റെ വാസസ്ഥലമായ കൈലാസത്തിലേക്ക് പോയി.
കൈലാസത്തിൽ പാർവതിക്കൊപ്പമിരിക്കുന്ന ശിവൻ, ഭൃഗുവിനെ ശ്രദ്ധിച്ചില്ല. മുനി ശിവനെ ശപിച്ച് വൈകുണ്ഠത്തിലേക്ക് പോയി. വിഷ്ണുവും ഭൃഗുവിനെ ശ്രദ്ധിച്ചില്ല. ക്ഷുഭിതനായ മുനി ഭഗവാന്റെ നെഞ്ചിൽ ചവിട്ടി. ഇതിനിടയിൽ അദ്ദേഹത്തിന്റെ കാലിലെ കണ്ണ് തെറിച്ചുപോയി.
മുനിയോട് ക്ഷമ ചോദിച്ചുകൊണ്ട് വിഷ്ണു കാലിൽ വീണു. അപ്പോൾ, ത്രിമൂർത്തികളിൽ ഏറ്റവും ശ്രേഷ്ഠൻ മഹാവിഷ്ണുവാണെന്ന് മഹർഷി തീരുമാനിക്കുകയും ഋഷിമാരോട് അത് പറയുകയും ചെയ്തു. ഭൃഗുവിനോട് മാപ്പ് ചോദിച്ച തന്റെ ഭഗവാന്റെ നടപടിയിൽ മഹാലക്ഷ്മി കോപിച്ചു.
ഭഗവാന്റെ നെഞ്ചിന്റെ ഇടതുഭാഗത്തായിരുന്നു ചവിട്ടിയത്. അവിടെയാണ്, ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ വാസസ്ഥലമായി അറിയപ്പെടുന്ന ശ്രീവത്സമുള്ളത്. ഇതാണ് ദേവിയെ ചൊടിപ്പിച്ചത്. ഭഗവാന്റെ അപേക്ഷ കേൾക്കാതെ മഹാലക്ഷ്മി വൈകുണ്ഠം ഉപേക്ഷിച്ചു.
മഹാലക്ഷ്മിയെ കാണാതെ ഭൂമിയിലെത്തിയ ആദിനാരായണൻ, ശ്രീനിവാസൻ എന്ന പേരിൽ മാനവരൂപം സ്വീകരിച്ച് തിരുമലയിലെത്തി തപസ് ആരംഭിച്ചു. ശ്രീനിവാസന്റെ അവസ്ഥയറിഞ്ഞ ബ്രഹ്മാവും ശിവനും ലക്ഷ്മീദേവിയെ കണ്ട് വിവരമറിയിച്ചു.
വിഷ്ണുവിനോട് അനുകമ്പ തോന്നിയ ബ്രഹ്മാവും മഹേശ്വരരും പശുവിന്റെയും പശുക്കുട്ടിയുടെയും രൂപങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചു. മഹാലക്ഷ്മി യുവതിയുടെ വേഷത്തിലെത്തി പശുവിനെ ചോളരാജാവിന് ദാനം ചെയ്തു. പശുവിനെ മേയാൻ വിടുമ്പോൾ നിത്യവും ശ്രീനിവാസന് പാൽ കൊടുക്കുമായിരുന്നു.
ഇതിനിടയിൽ കൊട്ടാരത്തിലെ പശു പാൽ തരാത്തതിന്റെ പേരിൽ ചോള രാജ്ഞി ഗോപാലകനെ ശകാരിച്ചു. പാൽ കുറയുന്നതിന്റെ കാരണം കണ്ടെത്താൻ, കറവക്കാരൻ പശുവിനെ പിന്തുടരുകയും ഒരു കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുകയും ചെയ്തു. പശു കുന്നിന് മുകളിൽ അകിട് ഒഴിഞ്ഞിരിക്കുന്നത് കണ്ടു.പ്രകോപിതനായ ഗോപാലൻ പശുവിന്റെ തലയിൽ കോടാലി കൊണ്ട് അടിച്ചു.
ക്ഷുഭിതനായ ശ്രീനിവാസൻ, കറവക്കാരനെയും ചോളരാജാവിനെയും അസുരന്മാരായിപ്പോകട്ടെ എന്ന് ശപിച്ചു. ദാസന്മാരുടെ പങ്ക് രാജാവും ഏൽക്കുമെന്ന വിശ്വാസമായിരുന്നു ഇതിനുപിന്നിൽ. രാജാവ് അഭ്യർത്ഥിച്ചപ്പോൾ പത്മാവതിയുമായുള്ള വിവാഹസമയത്ത് ആകാശ രാജാവ് സമ്മാനിച്ച കിരീടം കൊണ്ട് ഭഗവാനെ അലങ്കരിക്കുമ്പോൾ ശാപം അവസാനിക്കുമെന്ന് പറഞ്ഞു ഭഗവാൻ രാജാവിനെ അനുഗ്രഹിച്ചു.
തുടർന്ന് ശ്രീനിവാസൻ വളർത്തമ്മയായ വകുളാദേവിയുടെ അടുത്തേക്ക് പോയി. ചോളരാജാവ്, ആകാശരാജാവായി പുനർജനിച്ചു. അദ്ദേഹത്തിന്, പദ്മാവതി എന്നപേരിൽ ഒരു പുത്രിയുണ്ടായി. ലക്ഷ്മിയുടെ തന്നെ അവതാരമായ വേദദേവിയുടെ പുനർജ്ജന്മം ആയിരുന്നു പദ്മാവതി. തിരുപ്പതിയ്ക്കടുത്തുള്ള തിരുച്ചാനൂരിലെ പദ്മപുഷ്‌കരിണിയിലായിരുന്നു പദ്മാവതിയുടെ ജനനം.ശ്രീനിവാസനെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനെ ഓർമിപ്പിച്ചുകൊണ്ടാണ് ശ്രീനിവാസ കല്യാണം ആചരിക്കുന്നത്.