maruti

സ്വന്തമായി വാഹനം വാങ്ങുകയെന്നത് എല്ലാവരുടെയും സ്വപ്നമാണ്. തങ്ങൾക്ക് താങ്ങാനാകുന്ന വിലയുള്ള, ഇഷ്ടപ്പെടന്ന കമ്പനിയുടെ വാഹനങ്ങൾ ഏറെ നാളത്തെ തിരച്ചിലിനൊടുവിലാണ് ആളുകൾ വാങ്ങാറുള്ളത്.

സാധാരണക്കാരുടെ ഇടയിൽ ഏറെ സ്വീകാര്യതയുള്ള കമ്പനിയാണ് മാരുതി സുസൂകി. താങ്ങാനാകുന്ന വിലയും കമ്പനിയിലുള്ള വിശ്വാസവുമാണ് മാരുതി തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. മാരുതിയുടെ പുതിയ ഓരോ മോഡലിനായും കാത്തിരിക്കുന്നവരും അനവധിയാണ്.

കാർ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് രണ്ടാം തലമുറയിൽപ്പെട്ട എർട്ടിഗ ഏപ്രിൽ 15ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസൂകി. 11,000 രൂപ ടോക്കൺ നൽകി പുത്തൻ മാറ്റങ്ങളോടെയെത്തുന്ന എർട്ടിഗ പ്രീബുക്ക് ചെയ്യാനാകും. ബുക്കിംഗ് ആരംഭിച്ച് ആദ്യ ആറുദിനങ്ങൾക്കുള്ളിൽ 6000 പേരാണ് വാഹനം ബുക്ക് ചെയ്‌തിരിയ്ക്കുന്നത്.

ertiga

ഇന്ത്യയിൽ അവതരിപ്പിച്ചത് മുതൽ മൾട്ടി പർപ്പസ് വാഹനങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നവയാണ് എർട്ടിഗയെന്ന് മാരുതി സുസൂക്കിയുടെ മാർക്കറ്റിംഗ് ആന്റ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്‌തവ പറഞ്ഞു. പുതിയ മോഡൽ അവതരിപ്പിക്കുന്നതോടെ വാഹനങ്ങൾ വിറ്റഴിക്കുന്ന എണ്ണം കൂടുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

മൈൽഡ് ഹൈബ്രിഡ് ടെക് ഉള്ള 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡ്യുവൽ വിവിടി എഞ്ചിനുമായാണ് എർട്ടിഗ എത്തുന്നത്. പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പിനൊപ്പം നൽകിയിരുന്ന 4-സ്പീഡ് എടി ഗിയർബോക്‌സിന് പകരം പുതിയ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് പാഡിൽ ഷിഫ്‌റ്ററുകളാകും ഉപയോഗിക്കുക. ആപ്പിൾ കാർ പ്ലെ, ആൻ‌ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7.0-ഇഞ്ച് ടച്ച്‌ സ്‌ക്രീൻ യൂണിറ്റും പുതിയ വേർഷനിലുണ്ടാകും.