
കോഴിക്കോട്: തങ്ങളുടെ പ്രണയവിവാഹം ലൗ ജിഹാദ് ആണെന്ന തരത്തിലുള്ള പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കി ഷെജിനും ജോയ്സ്നയും. യാഥാർത്ഥ്യവുമായി ഒട്ടും ബന്ധമില്ലാത്ത കാര്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. തങ്ങളുടെ വിവാഹത്തിന്റെ പേരിൽ വലിയ രീതിയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും ഷെജിൻ പറഞ്ഞു. സി പി എം ലോക്കൽ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയുമായ കോടഞ്ചേരി നൂറാംതോട് സ്വദേശി ഷെജിനും തെയ്യപ്പാറ സ്വദേശിയായ ജോയ്സ്ന മേരി ജോസഫും ഒളിച്ചോടി വിവാഹം കഴിച്ചതിൽ വലിയ തരത്തിലുള്ള ആരോപണങ്ങളാണ് ഉയർന്നത്.
പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന താൻ ഇത് പാർട്ടിയോടും മറ്റുള്ളവരോടും ചർച്ച ചെയ്യണമായിരുന്നു. പാർട്ടിയെ അറിയിച്ചാൽ വീട്ടുകാരുമായി ചർച്ച നടത്തേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. അങ്ങനെ വന്നാൽ തിരിച്ചു പോകേണ്ടി വരുമോ എന്ന ഭയം ഉണ്ടായിരുന്നതുകൊണ്ടാണ് പാർട്ടിയെ അറിയിക്കാതിരുന്നത്. എന്നിരുന്നാലും ഇക്കാര്യത്തിൽ തനിക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. നാട്ടിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകണ്ട എന്ന് ആഗ്രഹം ഉള്ളത് കൊണ്ടാണ് മാറി നിൽക്കുന്നതെന്നും ഷെജിൻ പറഞ്ഞു.
അതേസമയം, പ്രശ്നങ്ങളുണ്ടാകുമെന്ന ബോധ്യമുണ്ടായിരുന്നെന്നും എന്നാൽ അത് ഇത്രത്തോളം വലുതാകുമെന്ന് കരുതിയില്ലെന്നും ജോയ്സ്ന പ്രതികരിച്ചു. താൻ മതവിശ്വാസപ്രകാരം ജീവിക്കുന്ന ആൾ തന്നെയാണ്. വിവാഹ ശേഷവും സ്വന്തം മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മുസ്ലിം സമുദായത്തിലേക്ക് മാറണമെന്നോ അവരുടെ വിശ്വാസങ്ങളോ ആചാരങ്ങളോ അടിച്ചേൽപ്പിക്കുകയോ ഒന്നും ചെയ്തിട്ടില്ല. സ്വന്തം മതാചാരങ്ങൾ തുടരാമെന്നാണ് തീരുമാനം. സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ഇറങ്ങിപ്പോയത്. തെറ്റായ പ്രചരണങ്ങളിൽ വിഷമമുണ്ടായി. തന്നിൽ ആരും സമ്മർദ്ദം ചെലുത്തുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ജോയ്സ്നയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തില്ല എന്ന് തീർത്തു പറഞ്ഞ ഷെജിൻ താൻ മതവിശ്വാസിയല്ലെന്നും, ഒരു മതത്തിന്റെയും ഐഡന്റിറ്റിയുമായി ജീവിക്കുന്ന ആളല്ല താനെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞതുപോലെ കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്നുതന്നെയാണ് തന്റെയും വിശ്വാസം. ലൗ ജിഹാദ് എന്ന വാക്ക് പോലും തങ്ങൾക്കെതിരെ ഉപയോഗിക്കാൻ പാടില്ലെന്നും ഷെജിൻ പറഞ്ഞു.