ganguly

മുംബയ്: ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള കായിക ഇനമാണ് ക്രിക്കറ്റ്. രാജ്യാന്തര മത്സരങ്ങൾക്കും ക്ലബ് മത്സരങ്ങൾക്കും ഇന്ത്യയിൽ ഒരുപോലെ പ്രാധാന്യമുണ്ട്. കുട്ടിക്രിക്കറ്റിന്റെ ആവേശം നിറച്ചുകൊണ്ട് എത്തുന്ന ഐ.പി.എല്ലിന് അന്താരാഷ്‌ട്ര തലത്തിൽ വരെ വളരെയധികം ശ്രദ്ധ കിട്ടാറുണ്ട്.

രണ്ട് ടീമുകൾ കൂടി ഈ വർഷം അധികമെത്തിയതോടെ ചൂടുപിടിച്ച മത്സരങ്ങളാൽ ഐ.പി.എൽ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ഐ.പി.എല്ലിനായി സൗരവ് ഗാംഗുലി പ്രസിഡന്റായ ബി.സി.സി.ഐ വാങ്ങിയ ഇൻഷുറൻസ് കവറേജിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നത്.

ഇത്തവണത്തെക്കായി ബി.സി.സി.ഐ വാങ്ങിയത് 5,000 കോടിയുടെ ഇൻഷുറൻസ് കവറേജാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഏതൊരു കായിക മത്സരത്തിനും ഇന്ത്യയിൽ വാങ്ങുന്ന ഏറ്റവും ഉയർന്ന ഇൻഷുറൻസ് കവറേജാണിത്. കഴിഞ്ഞ തവണത്തെക്കാളും ഇൻഷുറൻസ് കവറേജിൽ 25% ത്തിന്റെ വർദ്ധനവാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം 4,000 കോടി രൂപയുടെ പരിരക്ഷയായിരുന്നു വാങ്ങിയിരുന്നത്.

ഐ.പി.എൽ ഇൻഷുറൻസ് പോളിസിയിൽ ബി.സി.സി.ഐ, ടീമുകൾ, ബ്രോഡ്കാസ്റ്റർ, സ്പോൺസർമാർ, അനുബന്ധ സേവന ദാതാക്കൾ എന്നിവരുൾപ്പെടെ നിരവധി പങ്കാളികളുണ്ട്.

കാലാവസ്ഥാ പ്രശ്‌നങ്ങൾ, കലാപങ്ങൾ, പരിക്കിന്റെയോ അസുഖത്തിന്റെയോ പേരിൽ കളിക്കാരുടെ ഫീസ് നഷ്‌ടമാകുക, ചികിത്സാച്ചെലവ് എന്നിവ പോലുള്ള അപ്രതീക്ഷിത സംഭവങ്ങൾ മുഖാന്തരമുള്ള വരുമാന നഷ്ടത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും.

ഇത്തവണ ഒരു സംസ്ഥാനത്ത് മാത്രം ടീമുകൾ കേന്ദ്രീകരിച്ചതോടെ അപകടസാദ്ധ്യതകൾ വർദ്ധിച്ചുവെന്നാണ് അലയൻസ് ഇൻഷുറൻസ് ബ്രോക്കേഴ്‌സിന്റെ സഹസ്ഥാപകനും ഡയറക്‌ടറുമായ ആതുർ തക്കർ പറയുന്നത്. നേരത്തെ ഇന്ത്യയൊട്ടാകെയായി നടന്നിരുന്ന ഐ.പി.എൽ ഇത്തവണ മുംബയിലും പുനെയിലും മാത്രമായാണ് നടക്കുന്നത്.

ഇവന്റ് റദ്ദാക്കപ്പെടുമ്പോഴാണ് സാധാരണ ഇൻഷുറൻസ് പരിരക്ഷയുടെ പൂർണമായ സുരക്ഷ ലഭിയ്ക്കുന്നത്. എന്നാൽ കൊവിഡ്-19 കാരണം മത്സരങ്ങൾ റദ്ദാക്കിയാൽ പരിരക്ഷ ലഭിക്കില്ല. മഹാമാരി ഒരു മുൻകാല രോഗമായി മാറിയിരിക്കുന്നുവെന്നും അതിനാൽ സാംക്രമിക രോഗങ്ങൾക്ക് പരിരക്ഷ ലഭ്യമല്ലെന്നും തക്കർ കൂട്ടിച്ചേർത്തു. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തത് കൊണ്ടുതന്നെ ഇത്തവണ കൊവി‌ഡ് കേസുകളിൽ വ‌ർദ്ധനവുണ്ടായാലും ഐ.പി.എൽ റദ്ധാക്കില്ലെന്ന് ഉറപ്പാണ്.