
ബംഗളൂരു: കർണാടക മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി നേതാവ് കൂടിയായ കോൺട്രാക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഉഡുപ്പിയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെ കോൺട്രാക്ടർ സന്തോഷ് പാട്ടീലിന്റെ(40) മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബിജെപി നേതാവും കർണാടക ഗ്രാമവികസന മന്ത്രിയുമായ കെ എസ് ഈശ്വരപ്പയ്ക്കെതിരെ സന്തോഷ് പാട്ടീൽ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. സർക്കാർ കോൺട്രാക്ടുകൾ കൈകാര്യം ചെയ്യുന്ന തന്നെ മന്ത്രി മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. നാല് കോടി രൂപ ചെലവഴിച്ച് ബെലഗാവിയിൽ 2021 മേയ് മാസത്തിൽ റോഡ് നിർമിച്ചിരുന്നു. ബില്ലുകൾ സമർപ്പിച്ചിരുന്നെങ്കിലും പണം ലഭിച്ചില്ല. 40ശതമാനം കമ്മിഷൻ മന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നൽകാൻ പാട്ടീലിന് കഴിഞ്ഞില്ല. പണം ലഭിക്കാത്തതിനാൽ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് കാണിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനും പാട്ടീൽ കത്തെഴുതിയിരുന്നു. വിഷയത്തിൽ ബിജെപി നേതാക്കളെയും സമീപിച്ചിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല.
ഹിന്ദു വാഹിനി സംഘടനയുടെ ദേശീയ സെക്രട്ടറി കൂടിയാണ് പാട്ടീൽ. തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം ഈശ്വരപ്പയ്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ തനിക്ക് സന്തോഷ് പാട്ടീലിനെ അറിയില്ലെന്നാണ് ഈശ്വരപ്പ ഇക്കാര്യത്തിൽ പ്രതികരിച്ചത്.