george

കോഴിക്കോട്: കേടഞ്ചേരിയിൽ ക്രിസ്ത്യൻ യുവതിയും മുസ്ലിം വിഭാഗത്തിൽ പെട്ട സിപിഎം നേതാവും തമ്മിലുള്ള പ്രണയവിവാഹത്തിൽ തന്റെ വാക്കുകൾ തെറ്റായി വളച്ചൊടിച്ചതാണെന്ന് മുൻ എംഎൽഎ ജോർജ് എം തോമസ്. ഇരുവരുടെയും വിവാഹം ലൗ ജിഹാദാണെന്ന പ്രചാരണമുള്ളതായി അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ,​ അദ്ദേഹത്തിന്റെ ആരോപണം തള്ളി സിപിഎം ജില്ലാ നേതൃത്വവും ഡിവൈഎഫ്ഐയും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിശദീകരണവുമായി ജോർജ് തോമസ് എത്തിയത്.

' ഉദ്ദേശിക്കാത്ത അര്‍ത്ഥത്തിലാണ് എന്റെ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെട്ടത്. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. മുഖ്യമന്ത്രിയും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ ഐ എ ഏജന്‍സി അന്വേഷിച്ചും പറഞ്ഞിട്ടുണ്ട്. സംസാരിച്ചപ്പോള്‍ അങ്ങനെ ഉണ്ടെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്.

തെറ്റ് പറ്റിയെന്ന് തോന്നിയപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകനോട് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഇഎംഎസിന് പോലും ഇങ്ങനെ പിശക് പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡ്. പ്രത്യക്ഷത്തില്‍ സമുദായത്തെ വ്രണപ്പെടുത്തിയിട്ടുണ്ട് സംഭവം.

കന്യാസത്രീകളൊക്കെ പരസ്യമായി ഇറങ്ങിയത് അങ്ങനെയാണ്. യുഡിഎഫ് താല്‍പര്യം ഇതിന് പിന്നിലുണ്ട്. ഈ അവസരത്തെ യുഡിഎഫ് മുതലെടുത്തു. " ഇങ്ങനെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.

അതേസമയം ഷെജിന്റെ നടപടി ശരിയായില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ജോർജ് എം തോമസ് പറഞ്ഞത്. ' രണ്ട് സമുദായങ്ങൾ തമ്മിൽ കലാപമോ ശത്രുതയോ ഉണ്ടാക്കാൻ വഴിവയ്ക്കു‌ന്ന നടപടിയാണ് ഷെജിന്റേത്. പ്രണയമുണ്ടെങ്കിൽ പാർട്ടിയെ അറിയിക്കണമായിരുന്നു. പാർട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും സംസാരിച്ചിട്ടില്ല.

ഇരുവർക്കും സിപിഎം സഹായം ചെയ്തുവെന്ന ആരോപണം ശരിയല്ല. ലൗ ജിഹാദാണ് ഇതെന്നാണ് പ്രചാരണം. ലൗ ജിഹാദും പ്രണയ വിവാഹവും വേറെയാണ്. പാർട്ടിക്ക് വലിയ ഡാമേജ് ഉണ്ടായി. അങ്ങനെ ഡാമേജ് ഉണ്ടാക്കിയ ആളിനെ താലോലിക്കാൻ കഴിയില്ല." ഇതായിരുന്നു ജോർജ് എം തോമസിന്റെ ആദ്യ പ്രതികരണം.