kollam-snake-rescue

കൊല്ലം: മൈലാപ്പൂരിൽ വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷിക്കുന്നതിനിടെ കടിയേറ്റ പാമ്പുപിടിത്തക്കാരനായ സന്തോഷ് കുമാർ ആശുപത്രിയിൽ. കടിയേറ്റിട്ടും പാമ്പിനെ വലയിൽ നിന്ന് മാറ്റിയ ശേഷമാണ് സന്തോഷ് ആശുപത്രിയിൽ പോകാൻ തയ്യാറായത്.

വലയിൽ കുടുങ്ങിക്കിടന്ന പാമ്പിനെ കത്രിക ഉപയോഗിച്ച് വല മുറിച്ച് കുരുക്കഴിക്കാനാണ് സന്തോഷ് ശ്രമിച്ചത്. ഇതിനിടെ മൂർഖൻ വാല് ഉപയോഗിച്ച് സന്തോഷിന്റെ കാലിലും കൈയ്യിലുമൊക്കെ ചുറ്റിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ശ്രമം തുടർന്നു. ഇതിനിടെയാണ് സന്തോഷിന് കടിയേറ്റത്. വളരെ പണിപ്പെട്ടാണ് അദ്ദേഹം പാമ്പിനെ വലയിൽ നിന്ന് പുറത്തെടുത്തത്.

കൊല്ലം മൈലാപ്പൂർ സ്വദേശിയായ അശോകിന്റെ വീട്ടിൽ രാവിലെ ആറ് മണിയോടെയാണ് സംഭവം. വീട്ടുകാരും നാട്ടുകാരും ചുറ്റും നിൽക്കവേയാണ് കടിയേറ്റത്. കുട്ടികൾ ഉൾപ്പടെയുള്ളവർ പാമ്പിനെ രക്ഷിക്കുന്നത് കാണാൻ ചുറ്റും കൂടിയിരുന്നു.