chelsea

രണ്ടാം പാദ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ചിട്ടും ചെൽസി ചാമ്പ്യൻസ് ലീഗ് സെമി കാണാതെ പുറത്ത്

ആദ്യ പാദം

റയൽ - 3 ചെൽസി -1

രണ്ടാം പാദം

ചെൽസി -3 റയൽ - 2

ആകെ ഗോൾ മാർജിൻ

റയൽ - 5 ചെൽസി -4

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെ ഇഞ്ചോടിഞ്ച് പൊരുതി തോൽപ്പിച്ചെങ്കിലും സെമിഫൈനൽ കാണാൻ കഴിയാതെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ളീഷ് ക്ളബ് ചെൽസി പുറത്തായി. ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ 3-1ന്റെ തോൽവി വഴങ്ങിയിരുന്ന ചെൽസി രണ്ടാം പാദത്തിൽ 3-2ന് വിജയിച്ചെങ്കിലും റയൽ 5-4 എന്ന ഗോൾ മാർജിനിൽ സെമിയിലേക്ക് മുന്നേറുകയായിരുന്നു.

റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 3-0ത്തിന് മുന്നിട്ടുനിന്ന ചെൽസി സെമികടക്കുമെന്ന് പ്രതീക്ഷയുണർത്തിയശേഷമാണ് റയലിനെ തിരിച്ചടിയിൽ പകച്ചുപോയത്. തുടക്കം മുതൽ അതിഗംഭീരപ്രകടനം പുറത്തെടുത്ത ചെൽസിയെ 15-ാം മിനിട്ടിൽ മേസൺ മൗണ്ട് മുന്നിലെത്തിച്ചിരുന്നു. 51-ാം മിനിട്ടിൽ റൂഡിഗറും 75-ാം മിനിട്ടിൽ ടിമോ വെർണറും കൂടി സ്കോർ ചെയ്തതോടെ ചെൽസി 3-0ത്തിന് മുന്നിലെത്തി.എന്നാൽ 80-ാം മിനിട്ടിലെ റോഡ്രിഗോയുടെ ഗോളിലൂടെ മത്സരത്തിലേക്ക് മടങ്ങിയെത്തിയ റയൽ ആകെ ഗോൾ നില 4-4ആക്കി കളി അധികസമയത്തേക്ക് നീട്ടി. അധികസമയത്തിന്റെ ആറാം മിനിട്ടിൽ സൂപ്പർ താരം കരിം ബെൻസേമയുടെ തകർപ്പൻ ഹെഡർ ഗോളിലൂടെയാണ് റയൽ സെമിയിലേക്കുള്ള വാതിൽ തുറന്നത്.

ഗോളുകൾ ഇങ്ങനെ

1-0

15-ാം മിനിട്ട്

മേസൺ മൗണ്ട്

ബോക്സിന് പുറത്തുനിന്ന് വെർണർ നീട്ടിനൽകിയ ക്രോസിലേക്ക് ഓടിക്കയറിയ മേസൺ മൗണ്ട് റയൽ ഗോളി തിബോ കുർട്ടോയെ നിഷ്പ്രഭനാക്കി വലയിലെത്തിച്ചു.

2-0

51-ാം മിനിട്ട്

റൂഡിഗർ

മേസൺ മൗണ്ടിന്റെ ക്രോസിൽ നിന്നാണ് റൂഡിഗർ ചെൽസിയുടെ രണ്ടാം ഗോൾ നേടിയത്.

3-0

75-ാം മിനിട്ട്

വെർണർ

കൊവാസിച്ചിന്റെ ഒരു നീക്കത്തിൽ നിന്ന് ലഭിച്ച പന്തുമായി കടന്നുകയറിയാണ് വെർണർ ചെൽസിയുടെ മൂന്നാം ഗോൾ നേടിയത്.

3-1

80-ാം മിനിട്ട്

റോഡ്രിഗോ

പോസ്റ്റിന് നേരേമുന്നിൽ നിന്ന് വലതുമൂലയിലേക്ക് ഓടിക്കയറിയ തന്നെ ലക്ഷ്യമിട്ട് ഉയർത്തി വളച്ച് ലൂക്ക മോഡ്രിച്ച് നൽകിയ കിറുകൃത്യമായ ക്രോസ് വലയിലെത്തിച്ച് റോഡ്രിഗോയെ രണ്ടാം പാദത്തിലെ റയലിന്റെ ആദ്യ ഗോൾ നേടി.

3-2

96-ാം മിനിട്ട്

ബെൻസേമ

വിനീഷ്യസ് ജൂനിയറിന്റെ ക്രോസ് തലകൊണ്ട് വലയിലേക്ക് കുത്തിയി‌ട്ടാണ് റയൽ നായകൻ ടീമിനെ സെമിയിലെത്തിച്ചത്.

63

-ാം മിനിട്ടിൽ ചെൽസി താരം അലൻസോ റയൽ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഹാൻഡ്ബാൾ ഫൗൾ കണ്ടെത്തിയതോടെ ഗോൾ റദ്ദാക്കിയിരുന്നു.

4

ക്വാർട്ടർ ഫൈനലിന്റെ ഇരുപാദങ്ങളിലുമായി കരിം ബെൻസേമ നാലുഗോളുകളാണ് ചെൽസിക്കെതിരെ നേടിയത്. ആദ്യ പാദത്തിലെ റയലിന്റെ മൂന്ന് ഗോളുകളും നേടിയത് ബെൻസേമയാണ്.

31

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇത് 31-ാം തവണയാണ് റയൽ സെമിയിലെത്തുന്നത്.