
കൊച്ചി: നടിയെ അക്രമിച്ച കേസിൽ കാവ്യാ മാധവനെ ഇന്ന് ചോദ്യം ചെയ്യില്ല. ഇന്ന് രണ്ടു മണിക്കാണ് കാവ്യയോട് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നത്. ദിലീപിന്റെയും കാവ്യയുടെയും വീടായ ആലുവയിലെ പദ്മസരോവരത്തിൽ പോയി മൊഴിയെടുക്കേണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പക്ഷം. തുടർ നടപടികളെ പറ്റി കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കും.
ദിലീപിന്റെ സഹോദരനെയും സഹോദരി ഭർത്താവിനെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നുവെങ്കിലും സ്ഥലത്തില്ലാത്തതിനാൽ എത്താൻ കഴിയില്ല എന്ന് ഇരുവരുടെയും അഭിഭാഷകരും അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇരുവരുടെയും വീട്ടിൽ ഇന്നലെ രാത്രി ക്രൈം ബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചിരുന്നു.
ചെന്നൈയിലായിരുന്ന കാവ്യ ചോദ്യം ചെയ്യലിനായി ഇന്നലെ രാത്രിയോടെ ആലുവയിൽ എത്തിയിരുന്നു. പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് അനുയോജ്യമായ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
സംവിധായകൻ ബാലചന്ദ്രനെയും കാവ്യയെയും ഒരുമിച്ചിരുത്തി മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരുന്നു. എന്നാൽ പദ്മസരോവരത്തിലേക്ക് വരാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു.