
തൃശൂർ: വിഷുവിന് ക്ഷേത്രദർശനം നടത്തുന്ന ഭക്തർക്ക് കൈനീട്ടം നൽകാനായി മേൽശാന്തിക്ക് പണം നൽകിയത് വിവാദമായതോടെ പ്രതികരണവുമായി സുരേഷ് ഗോപി എംപി. വിഷുവിന് കുഞ്ഞുങ്ങൾക്ക് കൈനീട്ടം നൽകാനായി പണം ഏൽപ്പിച്ചതിനെ ഇത്തരത്തിൽ വിവാദമാക്കി മാറ്റിയതിന് പിന്നിൽ ചില വക്രബുദ്ധികളാണെന്നും അദ്ദേഹം പറഞ്ഞു.
'വോട്ട് പിടിക്കാനുള്ള കപ്പമല്ല മറിച്ച് കൈനീട്ടമായി ഒരു രൂപയാണ് കുഞ്ഞുങ്ങൾക്ക് കൊടുത്തത്. ഓരോ രാജ്യത്തിനെയും സമ്പന്നതയിലേയ്ക്ക് നയിക്കേണ്ടവരാണ് അവിടുത്തെ ഓരോ കുഞ്ഞുങ്ങളും. അങ്ങനെയുള്ല കുഞ്ഞുങ്ങൾക്ക് അനുഗ്രഹമായിട്ടാണ് ആ ഒരു രൂപ നൽകിയത്. അതിൽ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ അല്ല ഗാന്ധിയുടെ ചിത്രമാണുള്ലത്. ആ നന്മ മനസിലാക്കാൻ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയുക. വെറും ചൊറിയൻ മാക്രി പറ്റങ്ങളാണവർ. ഞാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ധൈര്യമുണ്ടെങ്കിൽ വരട്ടെ.'- സുരേഷ് ഗോപി എം പി പറഞ്ഞു.
അതേസമയം, കൈനീട്ടനിധി മേൽശാന്തിമാരെ ഏൽപ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് സമമാണെന്നാണ് ബോർഡിന്റെ നിലപാട്. സുരേഷ് ഗോപിയുടെ പേര് പരാമർശിക്കാതെയാണ് ബോർഡ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ചില വ്യക്തികളിൽ നിന്ന് സംഖ്യ ശേഖരിക്കുന്നതിൽ നിന്ന് മേൽശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണ് പത്രക്കുറിപ്പിൽ പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ച മുതൽ ജനങ്ങൾക്ക് വിഷുക്കൈനീട്ടം സമ്മാനിക്കുന്ന പരിപാടിയുമായി സുരേഷ്‌ഗോപി ജില്ലയിലുണ്ട്. താൻ നൽകുന്ന പണത്തിൽ നിന്നും കൈനീട്ടം കൊടുക്കുന്നതിൽ നിന്ന് കുട്ടികളെ ഒഴിവാക്കരുതെന്നും അദ്ദേഹം മേൽശാന്തിമാരോട് അഭ്യർത്ഥിച്ചിരുന്നു. റിസർവ് ബാങ്കിൽ നിന്നും വാങ്ങിയ ഒരു ലക്ഷം രൂപയുടെ പുത്തൻ ഒരു രൂപ നോട്ടുകളാണ് കൈനീട്ടത്തിനായി അദ്ദേഹം ക്ഷേത്രങ്ങളിൽ നൽകിയത്.