
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് ഒന്ന് മുതൽ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചേക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം മാത്രമേ കൺസെഷൻ നിരക്കിൽ അന്തിമ തീരുമാനമെടുക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
കെ സ്വിഫ്ട് കമ്പനിയുടെ ബസുകൾ അപകടത്തിൽപ്പെട്ടത് ഗൗരവമായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. ചെറിയ സംഭവം മാത്രമാണ് നടന്നത്. എന്നാൽ മാദ്ധ്യമങ്ങൾ ഇക്കാര്യം പൊലിപ്പിച്ച് കാണിച്ചതായി സംശയമുണ്ട്. ഡ്രൈവർമാരോട് ജാഗ്രത പാലിക്കണമെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർമാർക്ക് ആവശ്യമായ പരിശീലനം നൽകാത്തതാണ് അപകടത്തിന് കാരണമെന്ന വിമർശനവും മന്ത്രി തള്ളി.
കെ എസ് ആർ ടി സിയിലെ ശമ്പള പരിഷ്കരണം നടന്നതോടെ ഒരു മാസം അധികമായി 40 കോടിയോളം രൂപ സ്വരൂപിക്കേണ്ട നിലയാണെന്നും മന്ത്രി വിശദീകരിച്ചു. ഇന്ധനവില വർദ്ധനയും പണിമുടക്കും കെ എസ് ആർ ടി സിയുടെ പ്രതിസന്ധി വർദ്ധിപ്പിച്ചു. സംഘടനകളുടെ സമ്മേളനത്തിനായി ട്രിപ്പുകൾ മുടക്കിയതും വലിയ തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു. ശമ്പള വിതരണത്തിന് സർക്കാർ സഹായം തേടിയിട്ടുണ്ടെന്നും ധനവകുപ്പിന്റെ ക്ലിയറൻസ് കിട്ടിയാൽ ഉടനെ ശമ്പളം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.