ksrtc-minister

കൊച്ചി: കെ.എസ്.ആർ.ടി.സി യ്ക്ക് ആശ്വാസമായി ഇന്ധനവിലയിൽ സുപ്രധാന വിധിയുമായി ഹെെക്കോടതി. വിപണി വിലയ്ക്ക് ഇന്ധനം കെ.എസ്.ആർ.ടി.സി യ്ക്ക് നൽകണമെന്ന് കോടതി കമ്പനികൾക്ക് നിർദേശം നൽകി.

ബൾക്ക് യൂസേഴ്‌സ് എന്ന പേരിൽ കെ.എസ്.ആർ.ടി.സി യുടെ പക്കൽ നിന്ന് കമ്പനികൾ അധിക നിരക്ക് ഈടാക്കിയിരുന്നു. സാധാരണ നിരക്കിനേക്കാൾ ലിറ്ററിന് ഇരുപത് രൂപയിലധികം അധിക നിരക്കിനാണ് കെ.എസ്.ആർ.ടി.സിക്ക് ഡീസൽ നൽകിയിരുന്നത്.

അധിക നിരക്ക് ഈടാക്കുന്നതിനെ ചോദ്യം ചെയ്ത് കെ.എസ്.ആർ.ടി.സി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. വില നിശ്ചയിച്ചതില്‍ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി വിധിയിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തി. കെ.എസ്.ആർ.ടി.സി യ്ക്ക് ആശ്വാസം പകരുന്ന വിധിയെന്ന് മന്ത്രി പറഞ്ഞു. നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.