fatherthreat-tokill-child

മലപ്പുറം: കോട്ടയ്ക്കലിൽ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് പിതാവിന്റെ ഭീഷണി. വീടിന് മുകളിൽ നിന്നാണ് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. രാവിലെ ഏഴ് മണിക്ക് വീടിന്റെ മുകളിൽ കയറിയ ഇയാളെ അഞ്ചര മണിക്കൂറിന് ശേഷം 12.30 ഓടെയാണ് പൊലീസിന് കീഴ്‌പെടുത്താനായത്. മലപ്പുറം കോട്ടയ്ക്കൽ ചങ്കുവട്ടിയിലാണ് സംഭവം. പിതാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നത്.

രാവിലെ കുഞ്ഞുമായി വീടിന് മുകളിൽ കയറിയ 31 കാരനായ പിതാവ് കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും അഗ്നിശമന സേനയും ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല. പിന്നീട് ഇയാളുടെ ഭാര്യാപിതാവ് വീടിനു മുകളിൽ കയറി സംസാരിച്ചതിനെ തുടർന്നാണ് കുട്ടിയെ കൈമാറാൻ തയ്യാറായത്.

ഇതിനു പിന്നാലെ പൊലീസെത്തി ഇയാളെ പിടികൂടി. അഗ്നിശമന സേനയുടെ സഹായത്തോടെ താഴെയിറക്കിയ ഇയാളെയും കുഞ്ഞിനെയും ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.