sitaram-yechuri-

ന്യൂഡൽഹി : 'ലൗ ജിഹാദ്' പരാമർശത്തെ പാർട്ടി ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ലൗ ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. മുതിർന്ന ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. തിരുവമ്പാടി മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ പരാമർശം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവും മുസ്ലിം വിഭാഗക്കാരനുമായ ഷെജിനും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുളള ജോയ്‍സ്നയും തമ്മിലുളള പ്രണയത്തിന്റെയും വിവാഹത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ജോര്‍ജ്ജ് എം തോമസിന്റെ വിവാദ പരാമർശം.

പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ ഷിജിൻ ഈ പ്രണയവും വിവാഹവും പാർട്ടിയെ അറിയിക്കുകയോ പാർട്ടിയിൽ ചർച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും, ഇത് സമുദായ മൈത്രി തകർക്കുന്ന പ്രവൃത്തിയാണെന്നും, ഇത്തരക്കാരെ സംരക്ഷിക്കാനോ താലോലിക്കാനോ കഴിയില്ലെന്നുമായിരുന്നു ജോർജ് എം തോമസ് പറഞ്ഞത്. ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും ജോർജ് എം തോമസ് പറഞ്ഞു.

എന്നാലീ വാക്കുകളെ പാർട്ടി നേതൃത്വവും ഡി.വൈ.എഫ്.ഐ നേതൃത്വവും പൂർണമായി തള്ളിപ്പറഞ്ഞു. ജോര്‍ജ് എം. തോമസിന്‍റേത് നാക്കുപിഴയെന്നും 'ലൗ ജിഹാദ്' പരാമര്‍ശം സി.പി.എമ്മിന്‍റെ പൊതുസമീപനത്തിന് വിരുദ്ധമെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കി. പിന്നാലെ തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ ജോര്‍ജ് എം തോമസ് നിലപാട് തിരുത്തി.