ksrtc

തിരുവനന്തപുരം: അഞ്ചാം തീയതിയ്‌ക്ക് മുൻപ് ശമ്പളം നൽകാമെന്ന ഉറപ്പ് ഗതാഗത മന്ത്രി പാലിച്ചില്ലെന്ന് വിമർശിച്ച് ഈ മാസം 28ന് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ കെഎസ്‌ആർടിസിയിൽ ശമ്പളവിതരണത്തിന് തുക പ്രഖ്യാപിച്ച് ധനവകുപ്പ്. 30 കോടി രൂപയാണ് കോർപറേഷനിൽ ശമ്പളവിതരണത്തിന് അനുവദിച്ചത്. ശമ്പളം മുടങ്ങിയതിന് പണിമുടക്കിന് സിഐടിയു-എഐടിയുസി അടക്കം ഭരണകക്ഷി സംഘടനകൾ ഒരുങ്ങുന്നതോടെയാണ് നടപടി.

പണിമുടക്കിന് ബിഎംഎസും പിന്തുണച്ചിരുന്നു. വിഷുവിന് മുൻപായി ശമ്പളം കൊടുക്കുന്നില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്‌കരണം അടക്കം സമരത്തിലേക്ക് നീങ്ങുമെന്നാണ് സംഘടനകൾ മുന്നറിയിപ്പ് നൽകിയത്. എന്നാൽ സംഘടനകളുടെ മുന്നറിയിപ്പ് ഗതാഗതമന്ത്രി ആന്റണി രാജു തള‌ളിയിരുന്നു. സമരം ചെയ്‌താൽ പൈസ വരുമോ എന്നാണ് മന്ത്രി ചോദിച്ചത്. ഇതിന് പിന്നാലെയാണ് ധനവകുപ്പ് ശമ്പളം അനുവദിച്ചത്. കോൺഗ്രസ് സംഘടനയും സമരത്തിന്റെ പാതയിലാണ്.

കെഎസ്‌ആർടിസിയിൽ തൊഴിലാളി പ്രതിനിധികളില്ലെന്നും അവരെയും ഉൾപ്പെടുത്തണമെന്നും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടിരുന്നു. കെ സ്വിഫ്‌റ്ര് കമ്പനി സ്ഥാപിച്ചപ്പോൾ എം പാനലുകാരെ പരിഗണിക്കുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല. അവരുടെ ലിസ്‌റ്റ് പോലും സർക്കാരിന്റെ കൈയിലില്ലെന്ന് ആനത്തലവട്ടം ആനന്ദൻ വിമർശിച്ചു. മന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനമാണെന്നും റൂട്ട് നിശ്ചയിക്കുമ്പോൾ പോലും തൊഴിലാളികളുമായി ആലോചിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.