
കോഴിക്കോട്: കേരളത്തിലെ കോളേ ജ് വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച് ഐസിസിലടക്കം റിക്രൂട്ട് ചെയ്യുന്നെന്ന വിവാദ പരാമർശത്തിൽ തിരുവമ്പാടി മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസിന് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളാണ് എന്ന പരാമര്‍ശം സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് നോട്ടീസ്. പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.
ജമാഅത്തെ ഇസ്ലാമി കേരളാ ഘടകത്തിനുവേണ്ടി അഡ്വ. അമീന്‍ ഹസ്സനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.'രാജ്യത്തിലിന്നോളം വ്യത്യസ്ത മതസമൂഹങ്ങള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷവും ആശയ സംവാദങ്ങളും നിലനിര്‍ത്തുംവിധമുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ജമാഅത്തെ ഇസ്ലാമിയെ ലൗ ജിഹാദു പോലുളള വംശീയ വിദ്വേഷ പ്രയോഗങ്ങളിലേക്ക് ചേര്‍ത്തുവെക്കുന്നത് ബോധപൂര്‍വമാണ്. രാഷ്ട്രീയ ലാഭം ലക്ഷ്യംവെച്ച് സമൂഹത്തില്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ഉദ്ദേശിച്ചാണ് ജോര്‍ജ് എം തോമസിന്റെ പ്രസ്താവന' എന്ന് നോട്ടീസിൽ പറയുന്നു.
അതേസമയം തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ജോർജ് എം തോമസ് പ്രതികരിച്ചു. പ്രായപൂര്‍ത്തിയാവര്‍ വിവാഹം കഴിക്കാനും ഒന്നിച്ചു ജീവിക്കാനും ഇന്ത്യയില്‍ അവകാശവും സ്വാതന്ത്ര്യമുണ്ട്. സിപിഎമ്മിന് അതു നിഷേധിക്കാനൊന്നും പറ്റില്ല. ഞങ്ങള്‍ അത് അംഗീകരിക്കുകയാണ്. മിശ്രവിവാഹത്തെ ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല. പ്രോത്സാഹിപ്പിച്ച ചരിത്രമേയുള്ളൂ സി.പി.എമ്മിനെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു