
ഇസ്ലാമാബാദ്: പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ ഇമ്രാന്‍ ഖാനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാകിസ്ഥാൻ അന്വേഷണ ഏജൻസി. പ്രധാനമന്ത്രി പദത്തിലിരിക്കെ ഉപഹാരമായി ലഭിച്ച നെക്ലേസ് മറിച്ചുവിറ്റ കേസിലാണ് അന്വേഷണം. 18 കോടി രൂപ വിലവരുന്നതാണ് നെക്ലേസ്. ഇത് സർക്കാരിന് കൈമാറുന്നതിന് പകരം ഒരു ജുവലറിക്ക് വിറ്റു എന്ന കേസിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന ഇത്തരം വിലകൂടിയ ഉപഹാരങ്ങള്‍ സര്‍ക്കാരിന്റെ ഉപഹാര ശേഖരമായ തേഷ-ഖാനായിലേക്ക് കൈമാറണമെന്നാണ് ചട്ടം. എന്നാല്‍ ഈ നെക്ലേസ് ഇമ്രാന്‍ ഖാന്‍ സ്‌പെഷ്യൽ അസിസ്റ്റന്റ് സുല്‍ഫിക്കര്‍ ബുഹാരി മുഖേന ലാഹോറിലെ ഒരു ജുവലറിക്ക് 18 കോടി രൂപയ്ക്ക് വില്‍ക്കുകയുമായിരുന്നെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ ലഭിക്കുന്ന ഉപഹാരങ്ങള്‍ പകുതി പണം അടച്ചാല്‍ ഭരണാധികാരിക്ക് സ്വന്തമാക്കാവുന്നതാണ്.. എന്നാല്‍ ഇമ്രാന്‍ ഖാന്‍ ഇത്തരത്തില്‍ പകുതി പണം അടക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു.