
മുംബയ് : ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിച്ച രണ്ട് ഉദ്യോഗസ്ഥരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) സസ്‌പെൻഡ് ചെയ്തു. എൻ.സി.ബിയുടെ വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് വിശ്വ വിജയ് സിങ്, ആശിഷ് രഞ്ജൻ പ്രസാദ് എന്നിവരെ സസ്‌പെൻഡ് ചെയ്തത്. ഇരുവരും കേസിൽ സംശയാസ്പദമായ ഇടപെടലുകൾ നടത്തിയതായും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ക്രൂയിസ് കപ്പലിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിജയ് സിങ്. സംഘത്തിലെ ഡെപ്യൂട്ടി ഓഫീസറായിരുന്നു പ്രസാദ്. കഴിഞ്ഞവർഷം ഒക്ടോബർ മൂന്നിന് മുംബയിലെ ഇന്റർനാഷനൽ ക്രൂയിസ് ടെർമിനലിൽ എൻ.സി.ബി നടത്തിയ പരിശോധനയിലാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായ ഇരുപത് പേരിൽ ആര്യൻ ഖാൻ ഉൾപ്പെടെ 18 പേർ ജാമ്യത്തിലാണ്.