
ലണ്ടൻ: പൊണ്ണത്തടിയും വലിയ കുടവയറുമുളളതിന്റെ പേരിൽ ഏറെ പരിഹാസം കേട്ട 25കാരി ഇപ്പോൾ ഓരോ മാസവും സമ്പാദിക്കുന്നത് ലക്ഷങ്ങൾ. നോർത്ത് വെസ്‌റ്റ് ഇംഗ്ളണ്ട് സ്വദേശിയായ ആന്റോണിയ ഗ്രഹാം എന്ന യുവതിക്കാണ് ഇപ്പോൾ ആരെയും അമ്പരപ്പിക്കുന്ന നേട്ടം കൈവന്നിരിക്കുന്നത്. തന്റെ വലിയ വലുപ്പമുളള വയർ ടിക്‌ടോകിലൂടെ പ്രദർശിപ്പിച്ചപ്പോഴാണ് അന്റോണിയ ലോകപ്രശസ്‌തയായത്. 7.6 മില്യൺ ആളുകളാണ് ആ വീഡിയോ കണ്ടത്.
ഇപ്പോൾ അന്റോണിയ ഈ നേട്ടമുണ്ടാക്കിയത് പലരും സ്വപ്‌നനേട്ടം എന്ന് കരുതുന്ന ഒരു കാര്യം ചെയ്‌താണ്. ഒൺലിഫാൻസ് എന്ന സമൂഹമാദ്ധ്യമത്തിലൂടെ മക്‌ഡൊണാൾഡ്, കെഎഫ്സി, ഡൊമിനോസ് എന്നിവയുടെ ആഹാരസാധനങ്ങൾ ലൈവായി സ്വാദ് നോക്കിയാണ് അന്റോണിയ ഈ നേട്ടമുണ്ടാക്കിയത്.

തന്റെ തടി രോഗാതുരമായ പൊണ്ണത്തടി തന്നെയാണെന്ന് ആന്റോണിയ സമ്മതിച്ചു. ആ ശരീരത്തെ കുറിച്ചുളള ബോഡി പോസിറ്റീവ് പോസ്‌റ്റുകൾ വഴി മൂന്നരലക്ഷത്തോളം ആരാധകരാണ് ടിക്‌ടോകിൽ ആന്റോണിയയ്‌ക്കുണ്ടായത്. താൻ ചെയ്യുന്ന ഈ ജോലി തന്റെ ശരീരത്തെ അംഗീകരിക്കാനും ഇഷ്‌ടപ്പെടാനും സഹായിച്ചതായി ആന്റോണിയ പറയുന്നു. മൂന്ന് മക്കളുടെ അമ്മയാണ് ഈ യുവതി. പലരും മോശപ്പെട്ട അഭിപ്രായങ്ങൾ ഇപ്പോഴും പറയുന്നെങ്കിലും തന്നെ ഇഷ്‌ടപ്പെടുന്നവരും ധാരാളമുണ്ടെന്നത് സന്തോഷകരമാണെന്ന് ആന്റോണിയ അഭിപ്രായപ്പെടുന്നു. മാസം 10000 യൂറോയോളമാണ് (ഏകദേശം 8.2 ലക്ഷം രൂപ) വീഡിയോകൾ വഴി ഈ പെൺകുട്ടി സമ്പാദിക്കുന്നത്.