punjab

മുംബയ്: അഞ്ച് തവണ ഐപിഎൽ കിരീടത്തിൽ മുത്തമിട്ട രോഹിത് ശർമ്മയ്‌ക്കും കൂട്ടർക്കും 15ാം സീസൺ ഐപിഎൽ തുടക്കം ഒട്ടും ശോഭനമല്ല. തുടർച്ചയായ അഞ്ചാം മത്സരത്തിലും മുംബയ്‌ക്ക് വിജയം നേടാനായില്ല. പഞ്ചാബ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം മറികടക്കാൻ കഴിയാതെ മുംബയുടെ ഇന്നിംഗ്സ് 20 ഓവറുകളിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 186 എന്ന നിലയ്‌ക്ക് അവസാനിച്ചു. 25 പന്തുകളിൽ 49 റൺസ് നേടിയ ബ്രാവിസും 30 പന്തുകളിൽ നാല് സിക്‌സറും ഒരു ഫോറുമടക്കം 43 റൺസ് നേടിയ സൂര്യകുമാർ യാദവുമാണ് മുംബയ് നിലയിൽ വിജയത്തിനായി പൊരുതിയത്.

49ൽ നിന്ന് അർദ്ധസെഞ്ചുറിയിലേക്ക് സിക്‌സിലൂടെ കടക്കാനുള‌ള ശ്രമത്തിലാണ് ബ്രാവിസ് പുറത്തായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത് അർദ്ധസെഞ്ചുറി നേടുകയും (32 പന്തുകളിൽ 52) രണ്ട് ക്യാച്ചുകൾ നേടുകയും ചെയ്‌ത പഞ്ചാബ് നായകൻ മയാങ്ക് അഗർവാളാണ് കളിയിലെ കേമൻ.

ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബിന് വേണ്ടി ഓപ്പണർമാരായ നായകൻ മയാങ്ക് അഗർവാൾ, ശിഖർ ധവാൻ എന്നിവ‌ർ മികച്ച തുടക്കമേകി. നൂറ് റൺസ് ടീം സ്‌കോർ ബോർഡിൽ എത്തുന്നതിന് മൂന്ന് റൺസ് അകലെ വച്ച് അഗർവാൾ പുറത്തായി. പിന്നീട് ബെയർസ്‌ട്രോ(12), ലിയാം ലിവിംഗ്സ്‌റ്റൺ(2) എന്നിവരും പെട്ടെന്ന് മടങ്ങി. മികച്ച രീതിയിൽ ബാറ്റ് ചെയ്‌ത ധവാൻ 50 പന്തുകളിൽ മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറികളുമടക്കം 70 റൺസ് നേടി പുറത്തായി. ജിതേഷ് ശർമ്മ 15 പന്തുകളിൽ 30 റൺസ് നേടി. മുംബയ്‌ക്ക് വേണ്ടി ബേസിൽ തമ്പി നാല് ഓവറുകളിൽ 47 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി.

മറുപടി ബാറ്റിംഗിൽ മുംബയ് നായകൻ രോഹിത് ശർമ്മ വെടിക്കെട്ട് ബാറ്റിംഗ് തന്നെ പുറത്തെടുത്തെങ്കിലും (17 പന്തിൽ 28) ടീം സ്‌കോർ 31ൽ നിൽക്കെ പുറത്തായി. ഓപണർ ഇശാൻ കിഷൻ പിന്നാലെ മൂന്ന് റൺസ് മാത്രം നേടി പുറത്തായി. ബ്രേവിസ്(49), തിലക് വർമ്മ(36), സൂര്യകുമാർ യാദവ്(43) എന്നിവർ നന്നായി പൊരുതിയെങ്കിലും പിന്നീടുള‌ള ബാറ്രർമാർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. വിജയത്തിന് 12 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു.