
ഇസ്‌ലാമാബാദ്: അധികാരത്തിൽ നിന്നും പുറത്താക്കിയതിന് ദിവസങ്ങൾക്ക് ശേഷം ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഭരണത്തിലായിരുന്നപ്പോൾ അപകടകാരിയായിരുന്നില്ലെന്നും എന്നാൽ ഇനി താൻ കൂടുതൽ അപകടകാരിയാകും എന്ന മുന്നറിയിപ്പാണ് നൽകിയത്. പാകിസ്ഥാനിലെ പെഷവാറിൽ നടന്ന റാലിക്കിടെ ഇമ്രാൻ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.
അധികാരത്തിൽ നിന്നും പുറത്താക്കിയതിൽ ദുരൂഹത ആരോപിച്ച ഇമ്രാൻ തനിക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കുന്നതിന് മുൻപ് കോടതികൾ അർദ്ധരാത്രി തുറന്നത് എന്തിനാണെന്നും ചോദിച്ചു. ജുഡീഷ്യറി സ്വതന്ത്രമായ രീതിയിലല്ല പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഇറക്കുമതി ചെയ്തത് എന്ന് ഇമ്രാൻ ആരോപിക്കുന്ന സർക്കാരിനെ അംഗീകരിക്കില്ലെന്നും ഇതിനെതിരെ ജനങ്ങൾ പ്രതിഷേധം ഉയർത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു നേതാവിനെ പുറത്താക്കുമ്പോൾ ജനങ്ങൾ ആഘോഷിക്കുകയാണ് പതിവെന്നും എന്നാൽ തന്നെ പുറത്താക്കിയതിൽ ജനങ്ങൾ പ്രതിഷേധിക്കുകയാണെന്നും ഇമ്രാൻ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാജ്യത്തുടനീളം ഇമ്രാൻ ഖാന് പിന്തുണയറിച്ച് പ്രതിഷേധറാലികൾ നടത്തിയിരുന്നു. പുതിയ സർക്കാരിനെ അധികാരത്തിലേറ്റി അമേരിക്ക പാകിസ്ഥാനെ അപമാനിച്ചുവെന്നും ഇമ്രാൻ പ്രതികരിച്ചു.
പാകിസ്ഥാന്റെ ചരിത്രത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോടതിയുടെ ഇടപെടലിൽ ഇമ്രാൻ പുറത്തായത്.