
മമ്മൂട്ടി നായകനായി അഭിനയിച്ച 'ഭീഷ്മപർവം' എന്ന ചിത്രത്തിലെ മാസ് സീൻ പുനരാവിഷ്കരിച്ച് ഇന്ദ്രൻസും ടീമും. സമൂഹ മാദ്ധ്യമങ്ങളിൽ ട്രെന്റിംഗായ ചാമ്പിക്കോ എന്ന സീനിലാണ് ഇന്ദ്രൻസും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'കായ്പ്പോള' യിലെ അണിയറ പ്രവർത്തകരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തത്. 'ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ഇഷ്ടമായ ചാമ്പൽ', 'ഏറ്റവും മികച്ച ടൈമിംഗ്' തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ വീഡിയോയ്ക്ക് താഴെ പങ്കുവച്ചത്.
കെ ജി ഷൈജു സംവിധാനം ചെയ്യുന്ന 'കായ്പോള'യുടെ ചിത്രീകരണം ഇപ്പോൾ കാഞ്ഞിരമറ്റത്ത് നടക്കുകയാണ്. വി എം ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ നിർമിക്കുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശൻ, സാജൽ സുദർശൻ, അഞ്ചു കൃഷ്ണ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.