surabhi-mustafa-

കോഴിക്കോട്: വഴിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് നടി സുരഭി ലക്ഷ്മി ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശി മുസ്തഫ(39)യാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ച് ഇറങ്ങിയ മുസ്തഫയ്ക്ക് ജീപ്പ് ഓടിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നെങ്കിലും ഇവർക്ക് ഡ്രൈവിംഗ് അറിയാത്തതിനാൽ ആശുപത്രിയിലെത്തിക്കാനായില്ല. തുടർന്ന് അതുവഴി വന്ന സുരഭി ലക്ഷ്മിയാണ് പൊലീസിന്റെ സഹായത്തോടെ മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്.

ചൊവ്വാഴ്ചയാണ് മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ച് മുസ്തഫയും സുഹൃത്തുക്കളും ജീപ്പുമായി ഇറങ്ങിയത്. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ പൊലീസിൽ പരാതി നൽകി. ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ഭാര്യയെ കണ്ടെത്തിയെന്ന് പൊലീസ് സ്റ്റേഷനിൽ നിന്നും യുവാവിന് ഫോൺ വന്നു. രണ്ട് കൂട്ടുകാരെയും ഇളയ കുട്ടിയെയും കൂട്ടി ഉടൻ പൊലീസ് സ്റ്റേഷനിലേയ്ക്ക് തിരിച്ചു. എന്നാൽ യാത്രാമദ്ധ്യേ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.