
വാഷിംഗ്ടൺ: ഫേസ്ബുക്ക് സ്ഥാപകനും മെറ്റയുടെ മേധാവിയുമായ മാർക് സക്കർബർഗ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ സുരക്ഷയും അത്രമേൽ പ്രധാനമാണ്. ശാരീരികമായ ആക്രമണം മാത്രമല്ല, സൈബർ ആക്രമണത്തെയും അദ്ദേഹത്തിന് നേരിടേണ്ടിവരും. പലരും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കാറുണ്ട്. ഇതിനെയെല്ലാം ചെറുക്കാനായി ശക്തമായ സുരക്ഷ തന്നെയാണ് അദ്ദേഹത്തിനുള്ളത്.
സക്കർബർഗിന്റെ സുരക്ഷയ്ക്കായി മെറ്റ ഭീമമായ തുകയാണ് മാറ്റിവയ്ക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ സുരക്ഷയ്ക്കും സ്വകാര്യ ജെറ്റുകൾക്കുമായി ഏകദേശം 27 ദശലക്ഷം ഡോളറാണ് കമ്പനി ചെലവഴിക്കുന്നത്. 2020ൽ 25 ദശലക്ഷവും 2019ൽ 23 ദശലക്ഷം ഡോളറും സുരക്ഷയ്ക്ക് മാത്രമായി ചെലവഴിച്ചതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.
അദ്ദേഹത്തിന്റെ സ്വകാര്യ വിമാനങ്ങൾക്കായി ഒരു ദശലക്ഷത്തിലധികം ഡോളറാണ് ഓരോ വർഷവും കമ്പനി ചെലവാക്കുന്നത്. 2019ൽ 2.9 മില്യണും, 2020ൽ 1.8 മില്യണും, 2021ൽ 1.6 മില്യൺ ഡോളറും സക്കർബർഗിന്റെ ജറ്റ് വിമാനത്തിനായി മെറ്റ മാറ്റിവച്ചു. കുടുംബത്തിന്റെ സുരക്ഷയ്ക്കായും സക്കർബർഗ് വലിയ തുക ചെലവാക്കുന്നുണ്ട്. ഓരോ വർഷവും ഏകദേശം 10 ദശലക്ഷം ഡോളർ കുടുംബത്തിനായി അദ്ദേഹം വകയിരുത്തുന്നുണ്ട്.
മെറ്റയുടെ സ്ഥാപകൻ, സിഇഒ, ചെയർമാൻ, പ്രധാന ഷെയർഹോൾഡർ എന്നീ നിലകളിൽ തുടരുന്നതിനാൽ ഉയർന്ന സുരക്ഷ അദ്ദേഹത്തിന് അനിവാര്യമാണെന്നും അദ്ദേഹത്തിനെതിരെ നിരവധി ഭീഷണികളും നിലവിലുണ്ടെന്നും കമ്പനി അറിയിക്കുന്നു.
ടെക്ക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്ട്, ട്വിറ്റർ എന്നിവയുൾപ്പടെ വൻകിട ടെക്ക് കമ്പനികളൊന്നും തങ്ങളുടെ സിഇഒ മാർക്കായി മെറ്റ മാറ്റിവയ്ക്കുന്ന അത്രയും പണം ചെലവാക്കുന്നില്ല.
ഗൂഗിളിന്റെ സി ഇ ഒ ആയ സുന്ദർ പിച്ചൈയുടെ സുരക്ഷയ്ക്കായി ഗൂഗിൾ മാറ്റി വയ്ക്കുന്നത് 4.3 ദശലക്ഷം ഡോളർ മാത്രമാണ്. അതേസമയം സ്നാപ്ചാറ്റ് അതിന്റെ മേധാവിയായ ഇവാൻ സ്പീഗലിന് 2.3 ദശലക്ഷം ഡോളർ മാത്രമാണ് ചെലവഴിക്കുന്നത്.