
ലുധിയാന: അനധികൃത മണൽക്കടത്ത് കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് മുൻ മുഖ്യമന്ത്രി ഛരൺജിത്ത് സിംഗ് ഛന്നിയെ എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് ആറ് മണിക്കൂർ ചോദ്യം ചെയ്തു. ജലന്തറിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതികളിലൊരാൾ ഛന്നിയുടെ അനന്തരവനായ ഭൂപീന്ദർ സിംഗ് ഹണിയാണ്.
I was summoned by the ED yesterday regarding the mining case. I attended and replied to the queries put by them to the best of my knowledge. A Challan in this case has already been presented by ED in the Hon’ble court .The authorities have not asked me to come again.
— Charanjit S Channi (@CHARANJITCHANNI) April 14, 2022
ചോദ്യം ചെയ്യലിനായി മുൻപ് രണ്ട് തവണ ഇഡി വിളിപ്പിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നഹങ്ങൾ ചൂണ്ടിക്കാട്ടി ഛന്നി ഹാജരായിരുന്നില്ല. ഛന്നി മന്ത്രിയും മുഖ്യമന്ത്രിയും ആയിരുന്ന സമയങ്ങളിൽ ഭൂപിന്ദർ സിംഗിന് സ്ഥലം മാറ്റം ലഭിച്ചതും ഇയാളിൽ നിന്നും പത്ത് കോടി രൂപ പിടിച്ചെടുത്തതും സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യം ചെയ്യൽ. മാർച്ച് 2018നാണ് ഭൂപിന്ദർ സിംഗിന്റെ സന്തത സഹചാരിയായ കുദ്രദീപ് സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അനധികൃത മണൽ ഖനനത്തിലൂടെ കുദ്രദീപ് സിംഗ് കള്ളപ്പണം വെളുപ്പിച്ചതായി കരുതപ്പെടുന്ന കമ്പനികളിൽ ഭൂപിന്ദർ സിംഗും സുഹൃത്ത് സന്ദീപ് കുമാറും ഡയറക്ടർമാരാണെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെ ജനുവരി 18ന് ഭൂപിന്ദർ സിംഗ്, കുദ്രദീപ് സിംഗ്, സന്ദീപ് കുമാർ എന്നിവരുടെ കേന്ദ്രങ്ങളിൽ ഇഡി റെയിഡ് നടത്തിയിരുന്നു. റെയിഡിൽ പത്ത് കോടി രൂപ, സ്വർണം, വിലകൂടിയ റിസ്റ്റ് വാച്ച് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. പിന്നാലെ ഫെബ്രുവരി മൂന്നിന് ഭൂപിന്ദർ സിംഗ് അറസ്റ്റിലായി.
കഴിഞ്ഞ ജനുവരിയിൽ പഞ്ചാബ് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുപത് മിനിട്ടോളം ഫ്ളൈ ഓവറിൽ കുടുങ്ങിക്കിടന്ന സംഭവം നടക്കുമ്പോൾ ഛന്നിയായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയതിൽ ബി ജെ പി പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമാണ് അനധികൃത മണൽക്കടത്ത് കേസിൽ ഇഡി ചോദ്യം ചെയ്തത്.