ranbir-aliya

മുംബയ്: ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും തമ്മിലുള്ള വിവാഹം ഇന്നലെ വൈകിട്ട് മുംബെയിലെ രൺബീറിന്റെ വസതിയായ വാസ്തുവിൽ നടന്നു. വ്യാഴാഴ്ച അർദ്ധരാത്രി ആരംഭിച്ച വിവാഹ ചടങ്ങുകൾ വെള്ളിയാഴ്ച രാത്രി വരെ നീണ്ടു. സിനിമ, രാഷ്ട്രീയ, വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ബോളിവുഡ്‌ താരങ്ങളായിരുന്ന ഋഷി കപൂറിന്റെയും നീതുസിംഗിന്റെയും മകനാണ് രൺബീർ. കഴിഞ്ഞ ദിവസം നടന്ന ഹൽദി, സംഗീത്‌ ചടങ്ങുകളിലും വിവാഹത്തിലും രൺബീറിന്റെ സഹോദരി റിദ്ധിമ കപൂർ, ബന്ധുക്കളായ കരീന കപൂർ, ഭർത്താവ് സെയ്ഫ് അലി ഖാൻ, കരിഷ്‌മ കപൂർ, ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, മാതാവ് സോണി രസ്ദാൻ, സഹോദരി ഷഹീൻ ഭട്ട്, ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ജയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും ആകാശ് അംബാനി, ശ്ലോക അംബാനി തുടങ്ങിയവരും പങ്കെടുത്തു. വിവാഹവേദിയിലേക്ക് മാദ്ധ്യമപ്രവർത്തകർക്ക് പ്രവേശനമില്ലായിരുന്നു. അതിഥികൾ കാമറ ഉപയോഗിക്കുന്നതും വിലക്കിയിരുന്നു. 2005ൽ പുറത്തിറങ്ങിയ 'ബ്ലാക്ക്‌' എന്ന സിനിമയുടെ ഓഡിഷനിടെയാണ്‌ രൺബീറും ആലിയയും കണ്ടുമുട്ടുന്നത്. അന്ന് സഞ്ജയ്‌ ലീലാ ബൻസാലിയുടെ അസിസ്റ്റന്റായിരുന്നു രൺബീർ. 2017ൽ 'ബ്രഹ്‌മാസ്‌ത്ര'യുടെ ചിത്രീകരണത്തിനിടെയാണ്‌ ഇരുവരും പ്രണയത്തിലാകുന്നത്‌. ചിത്രം സെപ്തംബറിൽ റിലീസാകും.

' ഇന്ന് ഞങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യം നിറഞ്ഞ വീട്ടിൽ.. കഴിഞ്ഞ അഞ്ച് വർഷം ഞങ്ങൾ ചെലവഴിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഇടമായ അതേ ബാൽക്കണിയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. ഞങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന സമയത്ത് എല്ലാ സ്നേഹത്തിനും വെളിച്ചത്തിനും നന്ദി. ഇത് ഈ നിമിഷത്തെ കൂടുതൽ സവിശേഷമാക്കുന്നു. " വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.