musk

ന്യൂയോ‌ർക്ക്: ട്വിറ്ററിന്റെ നൂറ് ശതമാനം ഓഹരികളും വാങ്ങാമെന്ന വാഗ്ദ്ധാനവുമായി ടെസ്‌ല സിഇഒ എലോൺ മസ്‌ക്. 41 ബില്യൺ ഡോളർ (ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) ആണ് ട്വിറ്ററിന് മസ്‌ക് വിലയിട്ടത്. ഒരു ഓഹരിയ്ക്ക് 54.20 ഡോളറും ( ഏകദേശം 4,125 രൂപ) വാഗ്ദ്ധാനം ചെയ്യുന്നു. എന്നാൽ ട്വിറ്റർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

കമ്പനിയ്ക്ക് അയച്ച കത്തിലായിരുന്നു മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനി വാങ്ങാൻ താത്പര്യം അറിയിച്ച് മസ്‌ക് ട്വിറ്റർ ചെയർമാൻ ബ്രെറ്റ് ടൈലർക്ക് കത്തയച്ചു. നിലവിലെ സ്ഥിതിയിൽ അഭിവൃദ്ധിപ്പെടാൻ കമ്പനിക്കാകില്ലെന്ന് നിക്ഷേപം നടത്തിയതുമുതൽ താൻ തിരിച്ചറിഞ്ഞുവെന്നും കമ്പനിയെ സ്വകാര്യ സ്ഥാപനമായി മാറ്റേണ്ടതുണ്ടെന്നും മസ്‌ക് കത്തിൽ വ്യക്തമാക്കി. തനിക്ക് നൽകാനാവുന്ന ഏറ്റവും മികച്ചതും അന്തിമവുമായ ഓഫറാണിത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ട്വിറ്ററിലെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് തനിക്ക് പുനരാലോചിക്കേണ്ടി വരുമെന്നും മസ്‌ക് കത്തിൽ ചൂണ്ടിക്കാട്ടി.

അടുത്തിടെ ട്വിറ്ററിന്റെ ഡയറക്‌ടർ ബോർഡ് അംഗത്വ ഓഫർ എലോൺ മസ്‌ക് നിരസിച്ചിരുന്നു. ട്വിറ്ററിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയായി മസ്‌ക് തുടരും. ട്വിറ്റർ സി.ഇ.ഒ പരാഗ് അഗ്രവാളാണ് ഡയറക്‌ടർ ബോർഡിലേക്കില്ലെന്ന മസ്കിന്റെ തീരുമാനം ട്വീറ്റിലൂടെ അറിയിച്ചത്. കഴിഞ്ഞമാസമാണ് സാമൂഹികമാദ്ധ്യമമായ ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ (7.34 കോടി ഓഹരികൾ)​ എലോൺ മസ്‌ക് വാങ്ങിയത്. ഇതിനുപിന്നാലെ ട്വിറ്ററിന് മുന്നിൽ ഒട്ടേറെ നിർദേശങ്ങൾ മസ്‌ക് വച്ചിരുന്നു; ട്വിറ്റർ ആസ്ഥാനം ഭവനരഹിതരുടെ അഭയകേന്ദ്രമാക്കുന്നത് ഉൾപ്പെടെയാണിത്.