ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ കനിപോര ഗ്രാമത്തിന് സമീപം സൈനിക വാഹനം മറിഞ്ഞ് മൂന്ന് സൈനികർ മരണമടഞ്ഞു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ സെയ്നപോരയിലെ ബഡിഗാമിൽ ലഷ്കർ ഭീകരരുമായി ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്ക് പോകും വഴിയാണ് അപകടമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
മോശം കാലാവസ്ഥയിൽ നനഞ്ഞ റോഡിൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി വാഹനം തെന്നി മറിയുകയായിരുന്നു. പരിക്കേറ്റ എട്ട് സൈനികരെയും ഷോപ്പിയാൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേരുടെ മരണം സംഭവിക്കുകയായിരുന്നു. ഒരാൾ ചികിത്സയ്ക്ക് ശേഷം ആശുപത്രിവിട്ടു.
പ്രദേശത്ത് കല്ലേറുണ്ടായതാണ് അപകട കാരണമെന്ന് സാമൂഹ മാദ്ധ്യമങ്ങളിലും മറ്റും പ്രചരിച്ചത് പ്രതിരോധ മന്ത്രാലയം തള്ളി.
നാല് ഭീകരരെ വധിച്ചു
ബഡിഗാമിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ലഷ്കർ ഭീകരരെയാണ് സൈന്യം വധിച്ചത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുകയാണെന്ന രഹസ്യ വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തവെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിത്തു. സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശമാകെ സൈന്യം വളഞ്ഞിരിക്കുകയാണെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും കാശ്മീർ ഐ.ജി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജയ്ഷെ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ബുധനാഴ്ച കുൽഗാമിലെ കക്രാൻ ഗ്രാമത്തിൽ ഭീകരരുടെ വെടിയേറ്റ് പ്രദേശവാസിയായ ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു.